
Perinthalmanna Radio
Date: 18-06-2026
പെരിന്തൽമണ്ണ: നാട്ടുകാരുടെ കൂട്ടായ്മ സ്ഥലം വാങ്ങി നിർമിച്ചു നൽകിയ വീടിന്റെ പിന്നിലെ സംരക്ഷണ മതിൽ ഇടിഞ്ഞു വീണ് വീട് തകർന്നു. പെരിന്തൽമണ്ണ നഗരസഭയിലെ ഒൻപതാം വാർഡിൽ ഉൾപ്പെട്ട കക്കൂത്ത് വെട്ടുപാറയിൽ കല്ലിങ്ങൽ സുബൈദയുടെ വീടാണ് പൂർണമായി താമസയോഗ്യമല്ലാതായത്. ഭർത്താവ് മരിച്ച സുബൈദയ്‌ക്കും മക്കൾക്കുമായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിനാൽ നാട്ടുകാരുടെ കൂട്ടായ്മയാണ് 5 സെന്റ് സ്ഥലം വിലയ്‌ക്കു വാങ്ങി മാസങ്ങൾക്കു മുൻപ് കക്കൂത്ത് വെട്ടുപാറ പള്ളിക്ക് പിൻവശത്ത് വീട് നിർമിച്ചു നൽകിയത്.
വീടിനു പിൻവശത്തെ ഉയർന്ന സ്ഥലത്തിനായി നിർമിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് ഇന്നലെ രാവിലെയാണ് വീടിന്റെ ഒരു ഭാഗം പാടേ തകർന്നത്. അർധരാത്രി മുതൽ രാവിലെ വരെ ശക്തമായ മഴ പെയ്‌തിരുന്നു. അതിനു ശേഷമാണ് കൂറ്റൻ മതിൽ വലിയ ശബ്‌ദത്തോടെ വീടിന്റെ ചുമരിലേക്ക് ഇടിഞ്ഞു വീണത്. വലിയ തോതിൽ കല്ലും മണ്ണും മതിലിനൊപ്പം വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗവും ഒരു മുറിയും പാടേ തകർന്നു. സംഭവ സമയം സുബൈദയും മക്കളും പേരക്കുട്ടിയും വീടിന്റെ മറ്റു ഭാഗത്തായതിനാലാണ് രക്ഷപ്പെട്ടത്. ഇനി എവിടേക്കു പോകുമെന്ന് അറിയാത്ത സ്ഥിതിയിലാണ് കുടുംബം.
അൽപസമയത്തിനകം തന്നെ സ്ഥലത്തെത്തിയ നഗരസഭാ കൗൺസിലർ ഉനൈസ് കക്കൂത്ത് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അദ്ദേഹം വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസ് അധികൃതരും നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ഈ കുടുംബം ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്തൃ ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ആ ആനുകൂല്യവും ലഭിക്കില്ല. കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കാൻ ശ്രമം നടത്തുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. കുടുംബത്തിന് പരമാവധി നഷ്‌ടപരിഹാരം സർക്കാരിൽനിന്ന് ലഭ്യമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് സ്ഥിരസമിതി അധ്യക്ഷൻ നാലകത്ത് ബഷീർ പറഞ്ഞു. ആവശ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് നഗരസഭാ കൗൺസിലർ ഉനൈസ് കക്കൂത്തും അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
