
Perinthalmanna Radio
Date: 25-06-2026
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ മേൽനടപ്പാലത്തിന്റെ നിർമാണം തുടങ്ങി. ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. മേൽപാലത്തിന്റെ കോൺക്രീറ്റ് തൂണുകളുടെ നിർമാണം മുൻപ് പൂർത്തിയായതാണ്. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് എഫ്‌സിഐ റോഡ് വഴി എത്തുന്ന യാത്രക്കാർക്ക് ഒന്നാമത്തെ പ്ലാറ്റ്ഫോമിലെത്താൻ ഇത് ഉപകരിക്കും. നിലവിൽ ട്രെയിനുകൾ പോകാൻ തയാറായി നിൽക്കുന്ന സമയത്തും അപകടകരമായ രീതിയിൽ പാളത്തിലൂടെ നടന്നാണ് യാത്രക്കാർ ഇരുവശത്തേക്കും എത്തുന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് നിലവിൽ ഒരു മേൽനടപ്പാലം ഉണ്ടെങ്കിലും ഇത് റോഡിൽനിന്നുള്ള വഴിയിലല്ലാത്തതിനാൽ മിക്ക യാത്രക്കാരും ഉപയോഗപ്പെടുത്തുന്നില്ല. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽനിന്ന് മേൽനടപ്പാലം നിർമിക്കുന്ന ഭാഗത്ത് നിലവിൽ പ്ലാറ്റ്ഫോമില്ല.
ഇവിടെ പ്ലാറ്റ്ഫോം നീളം കൂട്ടുന്നതുൾപ്പെടെയുള്ള ജോലികൾക്ക് 10.51 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ 16 കോച്ചുകൾക്കും രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ 14 കോച്ചുകൾക്കുമാണ് നിലവിൽ സൗകര്യമുള്ളത്. യാർഡ് നവീകരണത്തോടെ 24 കോച്ചുകൾക്ക് നിർത്തിയിടാനുള്ള സൗകര്യത്തോടെ പ്ലാറ്റ്ഫോമുകൾ നവീകരിക്കുന്നുണ്ട്.
അമൃത് ഭാരത് നവീകരണ പദ്ധതിയുടെ ഒന്നാംഘട്ട ജോലികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ഒരു മേൽനടപ്പാലവും ഇതിനോടു ചേർന്ന് 2 ലിഫ്‌റ്റുകളും സജ്ജമാക്കി. യാത്രക്കാർക്ക് ആധുനിക വിശ്രമമുറികളും സ്‌ത്രീകൾക്ക് ഫീഡിങ് റൂമും പുതിയ ടിക്കറ്റ് കൗണ്ടറുകളും ശീതീകരിച്ച വിശ്രമകേന്ദ്രവും രണ്ടിടങ്ങളിലായി വിപുലമായ വാഹന പാർക്കിങ് സൗകര്യവും മനോഹരമായ പൂന്തോട്ടവും പ്ലാറ്റ്ഫോമിന് മേൽക്കൂരയും ഒരുക്കിയിട്ടുണ്ട്.
മൂന്നര മീറ്റർ മാത്രമുണ്ടായിരുന്ന അങ്ങാടിപ്പുറം ഭാഗത്തുനിന്നുള്ള റെയിൽവേ സ്‌റ്റേഷൻ റോഡ് 8 മീറ്ററാക്കി നവീകരിച്ചു. റോഡിന്റെ വശത്ത് നടപ്പാതയുമുണ്ട്. പെരിന്തൽമണ്ണ ഭാഗത്തുനിന്നുള്ള യാത്രക്കാർ ആശ്രയിക്കുന്ന എഫ്‌സിഐ റോഡിന്റെ നവീകരണമാണ് ഇനി ശേഷിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
