
Perinthalmanna Radio
Date: 30-06-2026
കൊളത്തൂർ ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊളത്തൂർ പൊലീസും ഡാൻസാഫ് സ്ക്വാഡും നടത്തിയ പരിശോധനയിൽ വിൽപനയ്ക്കെത്തിച്ച 97.60 ഗ്രാം എംഡിഎംഎയുമായി തിരൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. വൈലത്തൂർ അതൃശ്ശേരിയിലെ പാട്ടുരാട്ട് സക്കീർ ഹുസൈൻ (43) ആണ് പിടിയിലായത്.
ഉൾപ്രദേശങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിൽപനയും ഉപയോഗവും നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. മലപ്പുറം നർകോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ.സിബി, പെരിന്തൽമണ്ണ ഡിവൈഎസ്പി എം.ബി.ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ കൊളത്തൂർ പൊലീസും ഡാൻസാഫ് സംഘവും ഇത്തരം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു.
കൊളത്തൂർ പലകപ്പറമ്പ് പാങ്ങ് റോഡിൽ നടത്തിയ പരിശോധനയിലാണ്, ഓട്ടോറിക്ഷയിൽ കടത്തിയ എംഡിഎംഎയുമായി സക്കീർഹുസൈൻ പൊലീസ് സംഘത്തിന്റെ പിടിയിലാവുന്നത്. ഇയാളെ കഴിഞ്ഞ വർഷം എംഡിഎംഎയുമായി എക്സൈസ് പിടികൂടിയതിന് എൻഡിപിഎസ് കേസ് നിലവിലുണ്ട്. അതിൽ രണ്ടുമാസം ജയിലിൽ കഴിഞ്ഞു ജാമ്യത്തിൽ ഇറങ്ങിയതാണ്.
ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, പെരിന്തൽമണ്ണ ഡിവൈഎസ്പി എം.ബി.ലത്തീഫ്, നർകോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ.സിബി എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, കൊളത്തൂർ ഇൻസ്പെക്ടർ ബിജു എന്നിവരും കൊളത്തൂർ പൊലീസും ഡാൻസാഫ് സ്ക്വാഡുമാണ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ഹരീഷിന്റെ സാന്നിധ്യത്തിൽ ആണ് പരിശോധനാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
