
Perinthalmanna Radio
Date: 01-07-2026
തിരുവനന്തപുരം : പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ നാല് ജില്ലകളിൽ 120 അധിക താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മലപ്പുറം 60, പാലക്കാട് 30, കോഴിക്കോട് 20, കാസർകോട് 10 എന്നിങ്ങനെയാണ് നാല് ജില്ലകളിലേക്ക് അനുവദിക്കുന്ന ബാച്ചുകൾ. ഇതിന് പുറമെ വയനാട് ജില്ലയിൽ ഗോത്രവർഗ മേഖലയിൽ പ്ലസ് വൺ സീറ്റ് കുറവ് പരിഹരിക്കാൻ ആവശ്യമായ പരിശോധന നടത്തി താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സ്‌കൂളുകൾക്ക് മുൻഗണന നൽകിയായിരിക്കും ബാച്ചുകൾ അനുവദിക്കുക. എയ്‌ഡഡ് സ്‌കൂളുകളെയും പരിഗണിക്കും. സ്കൂളുകളുടെ പട്ടിക പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കും. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ പ്ലസ് വൺ താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച വിഷയം ചർച്ചക്ക് വന്നെങ്കിലും വിശദമായ കണക്ക് സഹിതം നിർദേശം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഇതു പ്രകാരം നിലവിലെ ഏകജാലക വിദ്യാർഥി പ്രവേശനം, എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ട സീറ്റുകൾ, അൺ എയ്‌ഡഡ് സ്കൂളുകളിലെ പ്രവേശന നില എന്നിവ പരിശോധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇത് പരിഗണിച്ചാണ് പുതിയ താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത്. നിലവിൽ സീറ്റ് ക്ഷാമം പരിഹരിക്കാൻ 313 താൽക്കാലിക ബാച്ചുകൾ സ്‌കൂളുകളിലുണ്ട്. ഇതിന് പുറമെ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും തിരുവനന്തപുരം ജില്ലയിലും സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്‌ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും ആനുപാതിക സീറ്റ് വർധനവും അനുവദിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
