യുവതിയുടെ ചികിത്സാ സഹായത്തിനായി ബിരിയാണി ചലഞ്ച് നടത്തി നാട്ടുകാര

Share to

Perinthalmanna Radio
Date: 16-11-2023

പെരിന്തൽമണ്ണ : സാഹോദര്യത്തിൽ പൊതിഞ്ഞ ബിരിയാണി പൊതികളുമായി വാഹനങ്ങളും ആളുകളും പലയിടങ്ങളിലേക്കെത്തി. വൃക്കകൾ തകരാറിലായ നാട്ടുകാരിക്ക് ചികിത്സാ സഹായത്തിനായുള്ള തുക കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സ്‌കൂളുകളും കോളേജുകളും സ്വകാര്യ സ്ഥാപനങ്ങളും ബിരിയാണി വാങ്ങി സഹായിച്ചു.

പെരിന്തൽമണ്ണ നഗരസഭയിലെ മുട്ടുങ്ങലിലെ ആറ്റുപറമ്പിൽ അനിത(45)യ്ക്കു വേണ്ടിയാണ് ജനകീയ ചികിത്സാ സമിതിയുടെ നേതൃത്വത്തിൽ നാടൊരുമിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ ബിരിയാണി തയ്യാറാക്കൽ തുടങ്ങി. ബുധനാഴ്ച രാവിലെ ആറു മുതൽ പായ്ക്കറ്റുകളാക്കുന്നതിന് സ്ത്രീകളടക്കം നാട്ടുകാരും വിവിധ ക്ലബ്ബംഗങ്ങളും റെസിഡെൻസ് അസോസിയേഷനുകളും ചേർന്നു.

ബിരിയാണി ചലഞ്ചിലൂടെ 15 ലക്ഷം രൂപയാണ് സമിതി ലക്ഷ്യമിട്ടത്. വൃക്ക മാറ്റിവെക്കലിന് 35 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. നാട്ടിലെ കൂട്ടായ്‌മകളും സുഹൃദ്സംഘങ്ങളും 15 ലക്ഷത്തോളം രൂപ സ്വരൂപിച്ചിരുന്നു. ബാക്കി തുക കണ്ടെത്തുന്നതിനായാണ് ‘കൂടെയുണ്ട് നാട് ‘ എന്ന പേരിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. ബിരിയാണിക്കുവേണ്ട സാധനങ്ങളും മറ്റും ഓരോരുത്തരായി സംഭാവന ചെയ്യുകയായിരുന്നു. സേവനമെന്ന നിലയിൽ കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്‌സ് യൂണിയൻ ഇത്രയും ബിരിയാണി പാകംചെയ്തുനൽകി.

ചെമ്പുകളും പാത്രങ്ങളും പന്തലും കേരള ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷനും സൗജന്യമായി നൽകി. വിദേശത്ത് ഡ്രൈവറായിരുന്ന അനിതയുടെ ഭർത്താവ് കഴിഞ്ഞമാസം നാട്ടിൽ തിരിച്ചെത്തി ഇപ്പോൾ നാട്ടിലെ പച്ചക്കറിക്കടയിൽ ജോലിനോക്കുകയാണ്. അനിതയെ ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസിനു കൊണ്ടുപോകുന്നത് മൂത്ത മകളാണ്. അനിതയ്‌ക്കൊപ്പം പോകേണ്ടതിനാലും സാമ്പത്തികപ്രയാസങ്ങളുംമൂലം പി.ജി. വിദ്യാർഥിനിയായ മകളുടെ പഠനം നിലച്ച അവസ്ഥയിലാണ്. രണ്ടാമത്തെ മകൾ പ്ലസ്‌വൺ വിദ്യാർഥിനിയാണ്.

12 ദിവസമായുള്ള ജനകീയ കമ്മിറ്റിയുടെ പ്രയത്‌നമാണ് ബിരിയാണി ചലഞ്ചിനെ വിജയത്തിലെത്തിച്ചത്. നജീബ് കാന്തപുരം എം.എൽ.എ. അടക്കമുള്ളവരും പിന്തുണയുമായി ബിരിയാണി വിതരണസ്ഥലം സന്ദർശിച്ചു. നഗരസഭാംഗങ്ങളായ പി. പ്രവീൺ ചെയർമാനും പി.എസ്. സന്തോഷ്‌കുമാർ കൺവീനറും റിട്ട. കോടതി ഉദ്യോഗസ്ഥൻ കെ.പി. സുബ്രഹ്മണ്യൻ ട്രഷററുമായാണ് അനിത ചികിത്സാസഹായ കമ്മിറ്റി രൂപവത്‌കരിച്ചിട്ടുള്ളത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പെരിന്തൽമണ്ണ ശാഖയിൽ സഹായകമ്മിറ്റിക്കായി 0329053000016075 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC: SIBL0000329. ഗൂഗിൾ പേ നമ്പർ: 9074327057.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *