
Perinthalmanna Radio
Date: 07-05-2026
മലപ്പുറം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് ഇനി പദ്ധതി പ്രവർത്തനങ്ങളിലേക്കു കടക്കാം. കഴിഞ്ഞ മാർച്ച് 15 മുതൽ ഇന്നലെ വരെയായിരുന്നു പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നത്. ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പെരുമാറ്റച്ചട്ടം പിൻവലിച്ച് ഉത്തരവിറക്കിയതോടെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ പുനരാരംഭിക്കാം. തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ നിലവിൽവന്ന് ബജറ്റ് അവതരിപ്പിച്ചെങ്കിലും തുടർന്നു വന്ന നിയമസഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തെ തുടർന്ന് തുടർപ്രവർത്തനങ്ങൾ നടത്താനായിരുന്നില്ല.
വേനൽക്കാല വരൾച്ചയെ തുടർന്നുള്ള ലോറികളിലെ ശുദ്ധജല വിതരണ പദ്ധതികൾ മാത്രമാണ് പ്രത്യേക അനുമതിയോടെ നിലവിൽ തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്നത്. പുതിയ പദ്ധതികൾക്ക് അംഗീകാരം വാങ്ങിയെങ്കിലും ഇവയുടെ ടെൻഡർ നടപടികൾ ആരംഭിക്കാനോ മറ്റ് അടിയന്തര പ്രധാന്യത്തോടെ പൂർത്തീകരിക്കേണ്ടവ പൂർത്തിയാക്കാനോ കഴിഞ്ഞിരുന്നില്ല. പഞ്ചായത്തുകളിലും മറ്റ് ആരോഗ്യസ്ഥാപനങ്ങളിലടക്കം ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനങ്ങൾ, സ്പിൽ ഓവറായുള്ള വിവിധ പദ്ധതി പ്രവൃത്തികളുടെ പൂർത്തീകരണം അടക്കമുള്ളവ നടത്താനായിരുന്നില്ല.
അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിയന്തര അറ്റകുറ്റപ്പണികൾ, താൽക്കാലിക അധ്യാപക നിയമനങ്ങൾ തുടങ്ങിയ ഒട്ടേറെ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതുണ്ട്.
ഭരണസമിതി യോഗങ്ങൾ നടത്തിയാലും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പ്രത്യേക തീരുമാനങ്ങളും എടുക്കാനായിരുന്നില്ല. പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ ഇനി തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലേക്കു മടങ്ങും. തദ്ദേശസ്ഥാപനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പ്രാവർത്തികമാക്കുന്ന നടപടികളിലേക്കു കടക്കാം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
