
Perinthalmanna Radio
Date: 07-05-2026
മേലാറ്റൂർ : പൊള്ളുന്ന ചൂടിൽ ആശ്വാസമായി എത്തിയ വേനൽമഴ വെള്ളിയാറിന് പുതുജീവനേകി. വേനലിൽ വറ്റിവരണ്ട വെള്ളിയാർ ജലസമൃദ്ധിയോടെ പരന്നൊഴുകാൻ തുടങ്ങി. ഒരാഴ്ചയ്ക്കിടെ പലദിവസങ്ങളിലായി പെയ്ത വേനൽമഴയാണ് നീരൊഴുക്ക് വർധിപ്പിച്ചത്. ഇതോടെ കുടിവെള്ളപദ്ധതികൾക്കും കാർഷികവിളകൾക്കുമെല്ലാം തെല്ലൊരാശ്വാസമായി.
പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ ഒഴുകുന്ന വെള്ളിയാർ മണ്ണാർക്കാട്, അലനല്ലൂർ, മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകളുടെ ഒരു പ്രധാന ജലസ്രോതസ്സാണ്. വേനൽച്ചൂട് രൂക്ഷമായതോടെ നീരൊഴുക്കുകുറഞ്ഞ് വെള്ളിയാർ പല ഇടങ്ങളിലും നൂലൂപോലെയായിരുന്നു. വേനൽ കനക്കുംമുൻപ് പലയിടങ്ങളിലായി നിർമിച്ച താത്കാലിക തടയണകളാണ് വെള്ളിയാറിനെ ജലസമ്പന്നമാക്കിയിരുന്നത്. എന്നാൽ വേനൽ അതിരൂക്ഷമായതോടെ തടയണകളിലെ വെള്ളവും വറ്റാൻ തുടങ്ങി. അതുകൊണ്ടുതന്നെ വെള്ളിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ളപദ്ധതികളുടെ പമ്പിങ് മുടങ്ങുകയും പലയിടങ്ങളിലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയുമുണ്ടായി.
പുഴയോരത്തെ വീടുകളിലെ കിണറുകളിൽപ്പോലും വെള്ളമില്ലാതായി. ഏക്കറുകണക്കിനു ഭൂമിയിലെ കാർഷികവിളകളും വെള്ളംകിട്ടാതെ വാടൻ തുടങ്ങി. അതിനിടെയാണ് ആശ്വാസമായി വേനൽമഴ എത്തിയത്. പലദിവസങ്ങളിലായി വേനൽമഴ ലഭിച്ചതോടെ വെള്ളിയാറിൽ നീരൊഴുക്ക് വർധിച്ചു.
നൂലുപോലെ ഒഴുകിയിരുന്ന വെള്ളിയാർ നിറഞ്ഞൊഴുകിത്തുടങ്ങി. ഇതോടെ കുടിവെള്ളപദ്ധതികൾക്കും കിണറുകൾക്കും കാർഷികവിളകൾക്കുമെല്ലാം പുതുജീവനായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
