ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും; എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15ന് തന്നെ

Share to


Perinthalmanna Radio
Date: 13-05-2026

കേരളത്തില്‍ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, സംസ്ഥാനത്തെ ഭരണപരമായ സ്തംഭനം ഒഴിവാക്കാന്‍ ഉന്നതതല ഇടപെടലുമായി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ വൈകുന്ന സാഹചര്യത്തില്‍, സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളും മണ്‍സൂണ്‍ മുന്നൊരുക്കങ്ങളും വിലയിരുത്തി. വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടു.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് തന്നെ പ്രഖ്യാപിക്കാന്‍ പരീക്ഷാ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ഇതോടെ പരീക്ഷാഫലം നീണ്ടുപോകുമെന്ന ആശങ്കയ്ക്ക് വിരാമമായി.

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും മെയ് 31-നകം പൂര്‍ത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി യോഗത്തെ അറിയിച്ചു. ഇതിനോടകം 65 ശതമാനം പുസ്തകങ്ങളും കുടുംബശ്രീ യൂണിറ്റുകള്‍ വഴി വിതരണം ചെയ്തുകഴിഞ്ഞു. കൈത്തറി വകുപ്പ് വഴിയുള്ള സ്‌കൂള്‍ യൂണിഫോം വിതരണവും എയ്ഡഡ് സ്‌കൂളുകള്‍ക്കുള്ള ക്രമീകരണങ്ങളും അവസാന ഘട്ടത്തിലാണ്.


സ്‌കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസ്സമായ പശ്ചാത്തലത്തില്‍, നിര്‍ബന്ധമായും പാലിക്കേണ്ട സുരക്ഷാ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകും പുതിയ ക്രമീകരണം. എന്നാല്‍, സുരക്ഷയുടെ കാര്യത്തില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദേശം നല്‍കി. അടുത്ത രണ്ടാഴ്ചക്കാലം സ്‌കൂളുകളുടെ തയ്യാറെടുപ്പുകള്‍ ജില്ലാ കളക്ടര്‍മാര്‍ നേരിട്ട് നിരീക്ഷിക്കണമെന്നും ആവശ്യമായ ഇടങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍, ദേശീയപാത വികസനം, പാമ്പുകടി പ്രതിരോധം, സെന്‍സസ് പ്രവര്‍ത്തനങ്ങള്‍, എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്കുള്ള മാറ്റം തുടങ്ങിയ സുപ്രധാന വിഷയങ്ങളും യോഗം വിലയിരുത്തി. ഭരണനേതൃത്വത്തിന്റെ അഭാവം ദൈനംദിന പ്രവര്‍ത്തനങ്ങളെയും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളെയും ബാധിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഡല്‍ഹിയില്‍ നീളുന്ന പശ്ചാത്തലത്തില്‍, ഭരണചക്രം തിരിക്കാനുള്ള ഉത്തരവാദിത്തം പൂര്‍ണ്ണമായും ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമായിരിക്കുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
——————————————–

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *