
Perinthalmanna Radio
Date: 18-05-2026
തിരുവനന്തപുരം ∙ മാരത്തൺ ചർച്ചകൾക്കൊടുവിൽ മുഴുവൻ മന്ത്രിമാരെയും നിശ്ചയിച്ച് യുഡിഎഫ് ഇന്ന് അധികാരത്തിലേക്ക്. രാവിലെ 10നു സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയടക്കം 14 പേർ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മന്ത്രിമാരുടെ പട്ടിക സതീശൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്കു കൈമാറി.
ആറു പതിറ്റാണ്ടിനു ശേഷമാണ് യുഡിഎഫിന്റെ പൂർണ മന്ത്രിസഭ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതെന്നു സതീശൻ പറഞ്ഞു. പട്ടികയിൽ 2 വനിതകളുണ്ട്. കോൺഗ്രസിന് എക്കാലത്തെയും വലിയ അംഗബലമാണ് ഇക്കുറി– മുഖ്യമന്ത്രിയടക്കം 12 പേർ. മുസ്ലിം ലീഗിന് 5 മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നിവയ്ക്ക് ഓരോ മന്ത്രി വീതവുമാണ്. വകുപ്പുകളിലുള്ള അന്തിമ തീരുമാനം സത്യപ്രതിജ്ഞയ്ക്കു ശേഷം സതീശൻ ഗവർണറെ അറിയിക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം ഗവർണറുടെ ചായസൽക്കാരവും കഴിഞ്ഞ് ആദ്യ മന്ത്രിസഭായോഗം ചേരും.
ഓരോ മന്ത്രിസ്ഥാനം വീതം രണ്ടര വർഷത്തിനു ശേഷം കോൺഗ്രസും മുസ്ലിം ലീഗും പാർട്ടിക്കുള്ളിൽ വീതംവയ്ക്കും. ലീഗിൽനിന്ന് രണ്ടര വർഷത്തിനു ശേഷം പാറയ്ക്കൽ അബ്ദുല്ല മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. ആരെയാണു മാറ്റുകയെന്ന് അപ്പോൾ തീരുമാനിക്കും.
ഏകാംഗ കക്ഷികളിൽ അനൂപ് ജേക്കബും മാണി സി.കാപ്പനും തമ്മിലും മന്ത്രിസ്ഥാനം വീതംവയ്ക്കും. ആദ്യ ടേം അനൂപിനാണ്. ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്നും എന്നാൽ മുന്നണിയെ പ്രതിസന്ധിയിലാക്കാനില്ലെന്നും അറിയിച്ചാണ് മാണി സി.കാപ്പൻ വഴങ്ങിയത്. അതേസമയം, മുഴുവൻ ടേം വേണമെന്ന നിലപാടിലാണ് അനൂപ്. വീതംവയ്പ് മുസ്ലിം ലീഗ് മാത്രമാണ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
മന്ത്രിസഭയിലേക്കു പരിഗണിക്കപ്പെട്ട മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറുമാകും. രണ്ടു മന്ത്രിസ്ഥാനങ്ങൾക്കായി അവസാനനിമിഷം വരെ സമ്മർദം ചെലുത്തിയ കേരള കോൺഗ്രസിന് ഒരു മന്ത്രിക്കു പുറമേ ചീഫ് വിപ്പും ലഭിച്ചു. അപു ജോൺ ജോസഫ് ചീഫ് വിപ്പാകും.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ.ജനീഷ് അപ്രതീക്ഷിത എൻട്രിയായി. ഇദ്ദേഹമടക്കം 6 പുതുമുഖ എംഎൽഎമാർ മന്ത്രിമാരാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ് എന്നിവരും മന്ത്രിപ്പട്ടികയിൽ ഇടംപിടിച്ചു. സജീവമായി പരിഗണിക്കപ്പെട്ട വി.ടി.ബൽറാമും ചാണ്ടി ഉമ്മനും അവസാനനിമിഷം പുറത്തായി.
*മന്ത്രിസഭയിൽ ഇവർ:-*
21 അംഗ പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ രാവിലെ പത്തിന് കോൺഗ്രസിന് ആദ്യമായി 12 മന്ത്രിമാർ; ലീഗിന് 5 കേരള കോൺഗ്രസ്, ആർഎസ്പി, കേരള കോൺഗ്രസ് (ജേക്കബ്), സിഎംപി ഒന്നുവീതം
*▪️കോൺഗ്രസ്:* വി.ഡി.സതീശൻ (മുഖ്യമന്ത്രി),
രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ,
എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ,
ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദീഖ്, കെ.എ.തുളസി,
ഒ.ജെ.ജനീഷ്. (തുളസിയും ഐ.സി.ബാലകൃഷ്ണനും തമ്മിൽ മന്ത്രി സ്ഥാനം വീതം വയ്ക്കുമെന്നാണ് വിവരം)
*▪️മുസ്ലിം ലീഗ്:* പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ,
കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ.
*▪️ കേരള കോൺഗ്രസ്:*
മോൻസ് ജോസഫ്
*▪️ ആർഎസ്പി:* ഷിബു ബേബി ജോൺ
*▪️കേരള കോൺഗ്രസ് (ജേക്കബ്):* അനൂപ് ജേക്കബ്
*▪️ സിഎംപി:* സി.പി.ജോൺ
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
