KSRTC-യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; ആശങ്കയിൽ സ്വകാര്യ ബസുകൾ

Share to


Perinthalmanna Radio
Date: 19-05-2026

പെരിന്തൽമണ്ണ: യാത്രക്കാരുടെ കുറവുകൊണ്ട് ഇപ്പോഴേ കഷ്ടത്തിലായ സ്വകാര്യ ബസ് വ്യവസായത്തിന് കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കു പ്രഖ്യാപിച്ച സൗജന്യ യാത്രാപദ്ധതി വൻ തിരിച്ചടിയാകുമെന്ന് ആശങ്ക. 15 വർഷത്തിനിടെ 25,500 ബസുകൾ സർവീസ് നിർത്തുകയും 35,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധി.

യാത്രക്കാർ ഇനിയും കുറഞ്ഞാൽ സർവീസ് നിർത്തുകയല്ലാതെ വഴിയില്ലെന്ന് ബസ് ഉടമകൾ പറയുന്നു. നിലവിൽ സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ പകുതിയിലധികം സ്ത്രീകളാണ്. സൗജന്യയാത്ര നടപ്പാകുന്നതോടെ അവർ കെ.എസ്.ആർ.ടി.സിയിലേക്ക് മാറും. ഇതോടെ സ്വകാര്യ ബസുകളുടെ വരുമാനം വീണ്ടും കുറയും.

ഇപ്പോൾത്തന്നെ പ്രതിദിന വരുമാനത്തിന്റെ 60 ശതമാനം ഡീസലിനാണ് ഉപയോഗിക്കുന്നത്. വരുമാനം പകുതിയായാൽ ഡീസൽ നിറയ്ക്കാൻ പോലുമുള്ള പണം ലഭിക്കില്ല. ഇന്ധനം നിറയ്ക്കാനും തൊഴിലാളികൾക്ക് വേതനംനൽകാനും പണമില്ലാതെ ബസുകൾ നിർത്തിയിടേണ്ടി വരുമെന്ന് ഉടമകൾ പറയുന്നു.

2010-ൽ 34,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 8,000-ൽ താഴെയായി ചുരുങ്ങിയെന്ന് ഉടമകൾ പറയുന്നു. ബസ്സിന് ദിവസവും 100 ലിറ്റർ ഡീസൽ വേണം. ലിറ്ററിന് 100 രൂപയോടടുത്ത് എത്തിയതോടെ പ്രതിദിനം 2,000 രൂപയിലേറെ അധികബാധ്യതയാണ് ഉണ്ടാകുന്നത്.

പ്രതിസന്ധി മറികടക്കാൻ ബസുകളിൽ നാല് ജീവനക്കാരുണ്ടായിരുന്നത് രണ്ടും മൂന്നുമാക്കി ചുരുക്കി. ‘കിളി’മാരുടെ തസ്തിക ഭൂരിഭാഗം ബസുകളിലും ഇല്ലാതായി.

വരുമാനനഷ്ടം കാരണം ഭൂരിഭാഗം ദീർഘദൂര ബസുകളും ഞായറാഴ്ചകളിൽ സർവീസ് നടത്തുന്നില്ല. ഹ്രസ്വദൂര ബസുകളാകട്ടെ ഇന്ധനച്ചെലവിനുള്ള പണംപോലും കിട്ടാതെ പാതിവഴിയിൽ ഓട്ടം അവസാനിപ്പിക്കുകയാണ്.

2012-ൽ പരിഷ്‌കരിച്ച വിദ്യാർഥികളുടെ യാത്രാനിരക്ക് നിലവിലെ സാഹചര്യത്തിനനുസരിച്ച് പുതുക്കണം. കെ.എസ്.ആർ.ടി.സിയിൽ 1.30 ലക്ഷം വിദ്യാർഥികൾക്ക് മാത്രമാണ് ഇളവുള്ളതെങ്കിൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത് 10 ലക്ഷത്തിലധികം വിദ്യാർഥികളാണ്. സ്വകാര്യ ബസുകളെയും ജീവനക്കാരെയും എങ്ങനെ സംരക്ഷിക്കുമെന്ന് ആലോചിച്ചശേഷം മാത്രമേ സർക്കാർ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാവൂ എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോ. സംസ്ഥാന സെക്രട്ടറി. ഏരിക്കുന്നൻ ഹംസ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *