
Perinthalmanna Radio
Date: 20-04-2026
പെരിന്തൽമണ്ണ: 2 വർഷത്തിനുള്ളിൽ 150 ലേറെ മുട്ടു മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയകൾ നടത്തി ശ്രദ്ധേയമായ നേട്ടവുമായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ എല്ലു രോഗ വിഭാഗം. സ്വകാര്യ ആശുപത്രികളിൽ സാധാരണയായി രണ്ട് ലക്ഷം രൂപയ്ക്കും മുകളിലും ചെലവ് വരുന്ന മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് ഇവിടെ സൗജന്യമായും ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലൂടെയും രോഗികൾക്ക് ലഭ്യമാക്കുന്നത്.
മാതൃശിശു ബ്ലോക്കിൽ പ്രത്യേകമായി സജ്ജീകരിച്ച രണ്ട് ആധുനിക ശസ്ത്രക്രിയ തിയറ്ററുകൾ ശസ്ത്രക്രിയകൾക്കായി പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെയും പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെയാണ് ഈ പുതിയ തിയറ്റർ സമുച്ചയം യാഥാർഥ്യമായത്.
നിലവിൽ മൂന്ന് സ്പെഷലിസ്റ്റ് ഡോക്ടർമാർ എല്ല് രോഗ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഡോ.സി.അനൂപ്, ഡോ.യു.നിസാർ, ഡോ.സുനിൽ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ 3 വർഷത്തിലുള്ളിൽ ആയിരത്തിലേറെ ശസ്ത്രക്രിയകൾ ഇതിനോടകം നടത്തി. ഡോ.എ.കെ.റഊഫിന്റെ നേതൃത്വത്തിലുള്ള അനസ്തീസിയ, നഴ്‌സിങ് വിഭാഗങ്ങളുടെ പിന്തുണയും ഈ നേട്ടത്തിന് പിന്നിലുണ്ട്. നഴ്‌സിങ് ഓഫീസർമാരായ പി.പാത്തുമ്മ, കെ.ഉമ്മുൽ ഹൈറ, പി.ബി.ധന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും നഴ്‌സിങ് ഓഫിസർ രമണിയുടെ നേതൃത്വത്തിലുള്ള പോസ്റ്റ് ഓപ്പറേറ്റീവ് കെയർ ടീമും ഈ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. കൂടാതെ, ഹെൽത്ത് സർവീസ് ആശുപത്രികളിൽ അപൂർവമായി നടത്തുന്ന ഷോൾഡർ ആർത്രോസ്‌കോപ്പി (താക്കോൽ ദ്വാര ഷോൾഡർ റിപ്പയർ) ശസ്ത്രക്രിയകളും ഇവിടെ വിജയകരമായി നടക്കുന്നുണ്ട്. ഏകദേശം ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെ ചെലവ് വരുന്ന ഈ ശസ്ത്രക്രിയയും ജില്ലാ ആശുപത്രിയിൽ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഇടുപ്പെല്ല് മാറ്റിവെക്കൽ, താക്കോൽ ദ്വാര ശസ്ത്രക്രിയകൾ വഴി കാൽമുട്ടിലെ പാട് ശരിയാക്കൽ തുടങ്ങിയ നിരവധി ശസ്ത്രക്രിയകളും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ എല്ല് രോഗ വിഭാഗം വിജയകരമായി നിർവഹിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
