ഊട്ടി പുഷ്പമേള തുടങ്ങിയതോടെ നാടുകാണി ചുരം പാതയിലൂടെ സഞ്ചാരികളുടെ തിരക്ക്

Share to


Perinthalmanna Radio
Date: 24-05-2026

എടക്കര: ഊട്ടി പുഷ്പമേള തുടങ്ങിയതോടെ നാടുകാണി ചുരം പാതയിലൂടെ സഞ്ചാരികളുടെ തിരക്കായി. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മുതൽ ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങളുടെ തിരക്കാണ്. 128–ാമത് പുഷ്പമേള തിങ്കളാഴ്ചയാണു തുടങ്ങിയത്. 28ന് ആണ് പുഷ്പമേള സമാപിക്കുന്നത്. മസിനഗുഡി – കല്ലട്ടി ചൂരം വഴിയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയതോടെ സഞ്ചാരികളെല്ലാം ഗൂഡല്ലൂർ വന്ന് നടുവട്ടം വഴിയാണ് ഊട്ടിയിലേക്കു പോകുന്നത്. അതുകൊണ്ടുതന്നെ ഗൂഡല്ലൂർ – നടുവട്ടം –ഊട്ടി റോഡിൽ മിക്കപ്പോഴും ഗതാഗതത്തിരക്കാണ് അനുഭവപ്പെടുന്നത്. മേലേ ഗൂഡല്ലൂർ വനം ചെക്പോസ്റ്റിൽനിന്ന് ഇ–പാസെടുത്തു വേണം യാത്ര തുടരാൻ. ഇ–പാസെടുക്കാനുള്ള താമസവും തിരക്കിനിടയാക്കുന്നുണ്ട്.

1.14 ലക്ഷം കോറണേഷൻ പൂക്കളാൽ ഒരുക്കിയ മഹാബലിപുരം ക്ഷേത്രത്തിന്റെ പുഷ്പമാതൃകയടക്കമുള്ള ഇരുപതോളം ശിൽപങ്ങളാണ് പുഷ്പമേളയിലെ മുഖ്യ ആകർഷണം. 10 ലക്ഷം ചെടികളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കളം ഹൃദയം കവരും. 50,000 ചട്ടികളിൽ വളർത്തിയ ചെടികൾ പൂവണിഞ്ഞു നിൽക്കുന്ന ഗാലറി വേറിട്ട കാഴ്ചയാണ്. 55 ഏക്കർ വിസ്തൃതിയിലുള്ള ഉദ്യാനത്തിൽ എവിടെ നോക്കിയാലും പൂക്കളുടെ വർണക്കാഴ്ചകൾ മാത്രമാണ്. പുഷ്പമേള കാണാൻ മുതിർന്നവർക്ക് 125 രൂപയും കുട്ടികൾക്ക് 75 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *