
Perinthalmanna Radio
Date: 15-04-2026
പെരിന്തൽമണ്ണ: താലൂക്കിൽ ചില റേഷൻ കടകളിൽ ആട്ട കെട്ടിക്കിടക്കുമ്പോൾ മറ്റുചില കടകളിൽ ആട്ടയ്ക്ക് ക്ഷാമം. 171 കടകളുള്ളതിൽ 92 കടകളിൽ ആട്ട വലിയ തോതിൽ കെട്ടിക്കിടക്കുകയാണ്. ഫെബ്രുവരി അവസാനവും മാർച്ചിലുമായി അനുവദിച്ച ആട്ടയാണ് കെട്ടിക്കിടക്കുന്നത്. കാലാവധി കഴിഞ്ഞ് വിതരണം ചെയ്യാനാവാത്ത ആട്ട പാക്കറ്റുകളും ഇതിലുൾപ്പെടും. റേഷൻ വ്യാപാരികൾ മുൻകൂർ വില നൽകി വാങ്ങിയതാണിത്.
700 ക്വിന്റലിലേറെ ആട്ട ഈ രീതിയിൽ വിവിധ കടകളിലായി കെട്ടിക്കിടക്കുന്നതായി വ്യാപാരികൾ പറയുന്നു. അതേസമയം ചില കടകളിൽ വിതരണം ചെയ്യാൻ ആവശ്യത്തിന് ആട്ടയില്ലാത്ത സാഹചര്യവുമുണ്ട്. കടകളിലെ ആവശ്യകത കൃത്യമായി പരിശോധിക്കാതെ ആട്ട വിതരണം ചെയ്തതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് ആക്ഷേപം.
താലൂക്കിന്റെ പല ഭാഗങ്ങളിലും ആട്ടപ്പൊടിക്ക് ആവശ്യക്കാർ കുറവാണ്. 25 ക്വിന്റലിലേറെ ആട്ടപ്പൊടി കെട്ടിക്കിടക്കുന്ന കടകളുണ്ട്. നിലവിൽ 2 മാസത്തെ അരി കടകളിൽ സ്റ്റോക്ക് ചെയ്യുന്നുണ്ട്. 2 മാസത്തെ ഭക്ഷ്യധാന്യങ്ങൾ ഒന്നിച്ച് വിതരണം ചെയ്യുന്നുമുണ്ട്. എന്നാൽ ആട്ടപ്പൊടിയുടെ അധിക സ്റ്റോക്ക് മൂലം അരി ആവശ്യത്തിന് സ്റ്റോക്ക് ചെയ്യാനാവാത്ത സാഹചര്യവും ചില കടകളിലുണ്ട്.
എല്ലാ വിഭാഗക്കാർക്കും വിവിധ അനുപാതത്തിൽ ആട്ട വിതരണം ചെയ്യുന്നുണ്ട്. ജില്ലയിലെ മറ്റു താലൂക്കുകളിൽ ഈ സാഹചര്യം ഇല്ലെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. അവിടെ നിലവിലെ സ്റ്റോക്കിന് ആനുപാതികമായാണ് പിന്നീട് ആട്ട അനുവദിച്ചത് എന്നതാണു കാരണം. പിന്നീടൂള്ള അലോട്ന്റിൽ സ്റ്റോക്കിന് ആനുപാതികമായ കുറവു വരുത്തിയതാണ് അവിടങ്ങളിൽ പ്രതിസന്ധി ഒഴിവാകാൻ കാരണം. റേഷൻ വ്യാപാരികൾ പ്രതിസന്ധി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
