
Perinthalmanna Radio
Date: 17-04-2026
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തം കിട്ടാനില്ലാത്ത അവസ്ഥയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് വിവിധ സന്നദ്ധ സംഘടനകൾ രക്തദാന ക്യാമ്പുകൾ നടത്താത്തതാണ് ഇതിന് പ്രധാന കാരണമാകുന്നത്. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിൽ എത്തുന്ന നിരവധി രോഗികളാണ് രക്തത്തിന്റെ ലഭ്യത കുറവ് കാരണം ബുദ്ധിമുട്ടിലാകുന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും നല്ല പ്രവർത്തനത്തിന് നിരവധി അവാർഡുകൾ നേടിയ ബ്ലഡ് ബാങ്കുകളിൽ ഒന്നാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേത്. എന്നാൽ നിലവിൽ ഇവിടെ കടുത്ത രക്തക്ഷാമമാണ് നേരിടുന്നത്. അടിയന്തര കേസുകളിൽ പോലും രക്തം നൽകാനില്ലാത്ത ഗുരുതരമായ സാഹചര്യമാണ് ഉള്ളത്. രക്തം ആവശ്യമുള്ളപ്പോൾ രോഗികൾ തന്നെ സമാന ഗ്രൂപ്പിലുള്ള ദാതാക്കളെ എത്തിച്ചാൽ മാത്രമേ രക്തം ലഭിക്കൂ എന്ന അവസ്ഥയാണിപ്പോൾ. കഴിഞ്ഞ രണ്ടു മാസമായി ഈ സ്ഥിതി തുടരുകയാണ്. പ്രസവ ശസ്ത്രക്രിയകൾക്കും മറ്റ് അടിയന്തര ചികിത്സകൾക്കുമായി എത്തുന്ന രോഗികൾ രക്തത്തിനായി നെട്ടോട്ടം ഓടുകയാണ്.
യുവജന സന്നദ്ധ സംഘടനകൾ രക്തദാനം ചെയ്യാൻ ബ്ലഡ് ബാങ്കിലേക്ക് എത്തുന്നില്ല എന്നതും സ്ഥിതി വഷളാക്കുന്നു. വേനൽക്കാലം വന്നതും, സ്കൂൾ-കോളേജ് പരീക്ഷകളും അവധിയും ഇതിന് കാരണമായി പറയപ്പെടുന്നു. കൂടാതെ ഇലക്ഷൻ തിരക്കുകളിലേക്ക് യുവാക്കൾ മാറിയതോടെ ക്യാമ്പുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മുൻപ് മാസം 25-ഓളം ക്യാമ്പുകൾ നടന്നിരുന്ന സ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിൽ രണ്ടോ മൂന്നോ ക്യാമ്പുകൾ മാത്രമാണ് നടന്നത്.
ദൂരപ്രദേശങ്ങളിൽ നിന്നെത്തുന്ന രോഗികൾക്ക് ദാതാക്കളെ കണ്ടെത്തുക എന്നത് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. മികച്ച രക്തബാങ്കിനുള്ള സംസ്ഥാന അവാർഡ് പലതവണ നേടിയിട്ടുള്ള ഈ സ്ഥാപനത്തിലെ രക്തക്ഷാമം പരിഹരിക്കാൻ സന്നദ്ധ സംഘടനകൾ അടിയന്തരമായി മുന്നോട്ടുവരണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
