അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി പാണ്ടിക്കാട് ടൗൺ

Share to


Perinthalmanna Radio
Date: 19-04-2026

പാണ്ടിക്കാട്: അടിക്കടിയുണ്ടാകുന്ന വാഹനത്തിരക്കിൽ ശ്വാസംമുട്ടി പാണ്ടിക്കാട് ടൗൺ. ഗതാഗതക്കുരുക്കഴിക്കാനുള്ള നടപടികളില്ലാത്തത് ദുരിതമായി.

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചതാണ് പ്രധാന പ്രശ്നം. ഒപ്പം ബൈപാസ് റോഡ് ഇല്ലാത്തതും.

ദിവസവും പല സമയങ്ങളിലായി നാലു റോഡിൽനിന്നും വരുന്ന വാഹനങ്ങൾ ജംക്‌ഷൻ കടക്കാൻ കഴിയാതെ കുരുങ്ങിക്കിടക്കുന്നു. നാലു റോഡുകളും പ്രധാനപാതയാണ്. ഒന്ന് മൈസൂർ-തൃശൂർ അന്തർ സംസ്ഥാന പാതയും മറ്റൊന്ന് പാലക്കാട് – കോഴിക്കോട് ഷോർട്ട് ഹൈവേയുമാണ്. ഇതിനിടയിലെ ഇടത്താവളത്തിൽ ചെറുതും വലുതുമായ ഇരുനൂറോളം സ്വകാര്യ ബസുകളും അൻപതിലേറെ കെഎസ്ആർടിസി ബസുകളുമാണ്ക ടന്നുപോകുന്നത്. പുറമേ എണ്ണമറ്റ ചരക്കുലോറികളും.

സന്ധ്യ മയങ്ങിയാൽ വണ്ടൂർ റോഡിലും പെരിന്തൽമണ്ണ റോഡിലും കിലോമീറ്റർ നീളുന്ന കുരുക്കാണ്. മേലാറ്റൂർ റോഡിലെ മേലങ്ങാടിയിൽനിന്ന് പെരിന്തൽമണ്ണ റോഡിനെയും വണ്ടൂർ റോഡിനെയും ബന്ധിപ്പിച്ചുള്ള ബൈപാസ് റോഡുണ്ടെങ്കിലും മതിയായ വീതിയില്ല. ചെറു വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും വലിയ വാഹനങ്ങൾക്ക് പ്രധാന പാത തന്നെ ശരണം.

ഒറവംപുറത്തുനിന്ന് പെരിന്തൽമണ്ണ-മഞ്ചേരി റോഡിനെ ബന്ധിച്ചും ഒരു ബൈപാസുണ്ട്. പക്ഷേ കുണ്ടുംകുഴിയുമായി ഗതാഗതയോഗ്യമല്ല. അത്യാവശ്യമായി വേണ്ടത് വണ്ടൂർ റോഡിനെയും മഞ്ചേരി റോഡിനെയും ബന്ധിച്ചുള്ള ബൈപാസ് റോഡാണ്. ജംക്‌ഷനിൽ കുരുക്കായാൽ ഈ രണ്ടു റോഡിലെയും യാത്രക്കാരാണു വലയുന്നത്. ചില സമയങ്ങളിൽ മണിക്കൂറുകളാണ് വാഹനങ്ങൾ കുരുക്കിൽപെടുന്നത്. വാഹനത്തിരക്കു പരിഹരിക്കാൻ അങ്ങാടിയിൽ പതിവായി രണ്ടും മൂന്നും ഹോം ഗാർഡുകൾ ഡ്യൂട്ടിയിലുണ്ട്. ട്രാഫിക് സിഗ്നൽ നന്നാക്കാത്തതിനാൽ നട്ടുച്ചയ്ക്കും ഇവർ ചൂടു സഹിച്ച് ജോലി ചെയ്യുകയാണ്. അടിയന്തരമായി ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നന്നാക്കി ജംക്‌ഷനിലെ ഗതാഗതം സുഗമമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *