BIG BREAKING NEWS

കാത്തിരിപ്പിന് അവസാനമായി;  വി.ഡി സതീശൻ മുഖ്യമന്ത്രി

Share to


Perinthalmanna Radio
Date: 14-05-2026

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ക്യാപ്റ്റൻ വി.ഡി.സതീശൻ. ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കും നാടകീയമായ ചർച്ചകൾക്കും അധികാര വടംവലിക്കും വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്.

എംഎൽഎമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി. വേണുഗോപാലിന് ആയിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മൂന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റുമാരുടെ ഉറച്ച നിലപാടും ഹൈക്കമാൻഡിനെ സതീശനിലേക്ക് എത്തിച്ചതിൽ നിർണായക ഘടകമായി.

അങ്ങനെയാണ് എംഎൽഎമാരുടെ അംഗബലത്തിൽ മുന്നിലായിട്ടും ജനവികാരവും ഉജ്ജ്വല വിജയം സമ്മാനിച്ച നായകൻ എന്ന പരിവേഷവും കെ.സി.യെ തള്ളി സതീശൻ എന്ന പേരിലേക്ക് ഹൈക്കമാൻഡിനെ എത്തിച്ചത്.

പത്തുവർഷത്തെ പിണറായി സർക്കാരിന് അന്ത്യം കുറിച്ച് 102 സീറ്റുമായി അധികാരത്തിലേറിയ യുഡിഎഫ് കഴിഞ്ഞ 10 ദിവസമായി മുഖ്യമന്ത്രിപദത്തിൽ ചുറ്റിത്തിരിയുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ത്രില്ലർ പോരാട്ടത്തിനാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്.

മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെ പാർട്ടിക്കുള്ളിലെ മത്സരം തെരുവിലേക്കെത്തി. നേതാക്കളെ പിന്തുണച്ച് ഫ്‌ളെക്‌സ് ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കുകയും പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്ന കാഴ്ചകളും കണ്ടു. സാമൂഹിക മാധ്യമങ്ങളിലും ഇതിന്റെ അലയൊലികൾ നിറഞ്ഞു.

10 ദിവസമായി തുടർന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഹൈക്കമാൻഡിന് വിട്ടുകൊടുത്ത് പ്രമേയം പാസാക്കിയാണ് പിരിഞ്ഞത്. തുടർന്ന് എ.ഐ.സി.സി. നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും എം.എൽ.എ.മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഘടകക്ഷി നേതാക്കളുടെ അഭിപ്രായങ്ങളും തേടി. എന്നാൽ, ഇതിനിടയിൽ മുകുൾ വാസ്‌നികിന്റെ കൈവമുള്ള ഒരു രേഖ ചോർന്നതും അത് കെ.സി. വേണുഗോപാലിന് അനുകൂലമായ ലിസ്റ്റ് ആണെന്ന സൂചനകളും പാർട്ടിക്കുള്ളിൽ വലിയ കലഹത്തിന് വഴിതുറന്നു.

നിരീക്ഷകരുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനമായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *