
Perinthalmanna Radio
Date: 14-05-2026
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കോഴിക്കോട് എംബാർക്കേഷൻ പോയിൻ്റിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കരിപ്പൂരിൽ നിന്ന് 969 തീർഥാടകരാണ് ഇത്തവണ യാത്രയാകുന്നത്.
686 സ്ത്രീകളും 283 പുരുഷന്മാരുമാണ് പുറപ്പെടുന്നത്. കർണാടകയിൽ നിന്നുള്ള നാലു തീർത്ഥാടകരും ഇതിൽ ഉൾപ്പെടുന്നു.
കരിപ്പൂരിൽ നിന്ന് ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. മെയ് 14 മുതൽ 17 വരെയാണ് കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യ വിമാനം ഇന്ന് (വ്യാഴം) പുലർച്ചെ 12.20 നും രണ്ടാമത്തെ വിമാനം പുലർച്ചെ 2.25 നുമാണ് പുറപ്പെട്ടത്.
ഉദ്ഘാടന ചടങ്ങിൽ എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, നിയുക്ത എം എൽ എ മാരായ ടി.പി. അഷ്‌റഫലി, ടി.വി. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, കൊണ്ടോട്ടി മുൻസിപ്പാലിറ്റി ചെയർമാൻ യു.കെ.മുഹമ്മദ് ഷാ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാൻ, മുൻസിപ്പൽ കൗൺസിലർ സക്കീന, ഹജ്ജ് കമ്മിറ്റിയംഗവും സംഘാടക സമിതി ജനറൽ കൺവീനറുമായ അഡ്വ.പി.മൊയ്തീൻ കുട്ടി, ഹജ്ജ് കമ്മിറ്റി മെമ്പർമാരായ പി. അബ്ദുറഹിമാൻ, അനസ് ഹാജി, മുഹമ്മദ് റാഫി, ഷംസുദ്ധീൻ അരിഞ്ചിറ, ആകാശ എയർ പ്രതിനിധി റിഷി കുമാർ
തുടങ്ങിയവർ സംസാരിച്ചു. ഹാജിമാർക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം നിയുക്ത എം.എൽ.എ ടി.പി. അഷ്‌റഫലി നിർവഹിച്ചു. ഹജ്ജ് കമ്മിറ്റിയംഗവും സംഘാടക സമിതി കൺവീനറുമായ അഷ്കർ കോറാട് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് നന്ദിയും പറഞ്ഞു. പ്രാർഥനയ്ക്ക് തൊടിയൂർ മുഹമ്മദ് കുഞ്ഞിമൗലവി നേതൃത്വം നൽകി.
തീർത്ഥാടകർക്ക് ആവശ്യമായ താമസം, ഭക്ഷണം, പ്രാഥമിക ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഹജ്ജ് ഹൗസിലും എയർപോർട്ടിലും വിപുലമായി ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ട്രെയിനർമാരും വൊളന്റിയർമാരും സേവനത്തിനായി സജ്ജരാണ്.
ഇത്തവണ ആകെ 13,194 തീർത്ഥാടകരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജജിന് പുറപ്പെടുന്നത്. ഇതിൽ 4326 പുരുഷൻമാരും 8868 സ്ത്രീകളും ഉൾപ്പെടുന്നു. കരിപ്പൂർ വഴി 969 പേർ, കൊച്ചിയിൽ നിന്ന് 7931, കണ്ണൂരിൽ നിന്ന് 4270 എന്നിങ്ങനെയാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി യാത്രയാകുന്ന തീർത്ഥാടകരുടെ കണക്കുകൾ. കൂടാതെ ലക്ഷദ്വീപ്, തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക തുടങ്ങി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള 657 തീർത്ഥാടകരും കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകൾ ഉപയോഗിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി ആകെ 13,851 തീർത്ഥാടകരാണ് കേരളത്തിലെ എംബാർക്കേഷൻ കേന്ദ്രങ്ങൾ വഴി യാത്രയാകുന്നത്. സംസ്ഥാനത്തു നിന്നുള്ള 28 പേർ കേരളത്തിന് പുറത്തുള്ള എംബാർക്കേഷൻ വഴിയും യാത്രയാകുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
