പൊതുമരാമത്ത് മന്ത്രി ജില്ലയിൽ നിന്ന്; പ്രതീക്ഷയോടെ ഓരാടംപാലം – മാനത്തുമംഗലം ബൈപാസ്

Share to


Perinthalmanna Radio
Date: 22-05-2026

പെരിന്തൽമണ്ണ: സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാരിന്റെ വകുപ്പ് വിഭജനം പൂർത്തിയായപ്പോൾ പൊതുമരാമത്ത് വകുപ്പ് മലപ്പുറം ജില്ലയിലേക്ക് എത്തിയത് പെരിന്തൽമണ്ണയ്ക്കും വലിയ പ്രതീക്ഷ നൽകുന്നു. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന അങ്ങാടിപ്പുറത്തേയും പെരിന്തൽമണ്ണയിലെയും യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്ന ഓരാടംപാലം – മാനത്തുമംഗലം ബൈപാസ് നിർമ്മാണം വേഗത്തിലാക്കാൻ പുതിയ മാറ്റം കരുത്തേകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് പി.കെ.ബഷീറിലൂടെ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധി പൊതുമരാമത്ത് വകുപ്പിന്റെ അമരത്തെത്തുന്നത്. 2001-06 കാലയളവിൽ ആന്റണി സർക്കാരിൽ ഡോ.എം.കെ.മുനീർ മന്ത്രിയായതിന് ശേഷം ഇപ്പോഴാണ് സുപ്രധാനമായ ഈ വകുപ്പ് ജില്ലയെ തേടിയെത്തുന്നത്.

അങ്ങാടിപ്പുറത്തേയും പെരിന്തൽമണ്ണയിലെയും ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിനായി മാനത്തുമംഗലം – ഓരാടംപാലം ബൈപ്പാസ് അഞ്ച് വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ചരക്ക് ലോറികൾക്കും ദീർഘദൂര യാത്രക്കാർക്കും ടൗണിൽ പ്രവേശിക്കാതെ തന്നെ സുഗമമായി യാത്ര ചെയ്യാൻ ഇതിലൂടെ സാധിക്കും. പൊതുമരാമത്ത് മന്ത്രിയായി ജില്ലക്കാരൻ തന്നെ എത്തുമ്പോൾ ഈ പദ്ധതിയുടെ സാങ്കേതിക അനുമതികളും ഭരണാനുമതിയും അതിവേഗം ലഭ്യമാകുമെന്നും, ഉദ്ഘാടനം പറഞ്ഞ സമയത്തിനുള്ളിൽ തന്നെ നടക്കുമെന്നുമാണ് നാടിന്റെ വിശ്വാസം.

സമീപകാലത്തൊന്നും ഇത്രയധികം സുപ്രധാന വകുപ്പുകൾ ജില്ലയിലെ ജനപ്രതിനിധികളെ തേടിയെത്തിയിട്ടില്ല. പി.കെ.ബഷീറിന് പുറമെ പി.കെ.കുഞ്ഞാലിക്കുട്ടി (വ്യവസായം, ഐ.ടി), എ.പി.അനിൽകുമാർ (റവന്യൂ), കെ.എം. ഷാജി (തദ്ദേശ സ്വയംഭരണം) എന്നിവരും സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ലയ്ക്ക് കെ.എം.ഷാജിയുടെ തദ്ദേശ വകുപ്പ് മന്ത്രിസ്ഥാനവും വലിയ നേട്ടമാകും. വകുപ്പ് മന്ത്രിമാർ ജില്ലക്കാരാകുന്നത് പെരിന്തൽമണ്ണയുടെ വികസനക്കുതിപ്പിനും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും ആക്കം കൂട്ടും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *