
Perinthalmanna Radio
Date: 16-06-2026
പെരിന്തൽമണ്ണ: ഇന്നലെ മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് അവസരം ലഭിച്ചപ്പോൾ പെരിന്തൽമണ്ണ – വളാഞ്ചേരി റൂട്ടിലെ സ്ത്രീകൾക്ക് നിരാശ. ജില്ലയിലെ പ്രധാന റൂട്ടുകളിലൊന്നായ പെരിന്തൽമണ്ണ – വളാഞ്ചേരിയിലൂടെ സർവീസ് നടത്തിയിരുന്ന മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും ഏറെക്കാലമായി ഓട്ടം നിർത്തിവെച്ചിരുന്നതിനാൽ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ യാത്രയ്ക്ക് അവസരം നഷ്ടമായിരിക്കുകയാണ്. മുമ്പ് പത്തോളം സർവീസുകളുണ്ടായിരുന്ന പെരിന്തൽമണ്ണ – വളാഞ്ചേരി റൂട്ടിൽ കോവിഡിന് ശേഷമാണ് സർവീസുകൾ പൂർണ്ണമായി നിർത്തലാക്കിയത്.
വളാഞ്ചേരി, കുറ്റിപ്പുറം വഴി പെരിന്തൽമണ്ണ പൊന്നാനി കെ.എസ്.ആർ.ടി.സി സർവീസ് മുമ്പ് ഉണ്ടായരുന്നതും ഇപ്പോഴില്ല. പെരിന്തൽമണ്ണ, മങ്കട, കോട്ടക്കൽ എന്നീ മൂന്ന് മണ്ഡലങ്ങളിലൂടെ കടന്നു പോയി കോഴിക്കോട് – തൃശൂർ ദേശീയ പാതയിൽ ചേരുന്നതാണ് പെരിന്തൽമണ്ണ – വളാഞ്ചേരി റൂട്ട്. എം.ഇ.എസ് മെഡിക്കൽ കോളേജ്, വെങ്ങാട് ഗോകുലം അടക്കം ഒട്ടനവധി സ്ഥാപനങ്ങൾ ഇതേ റൂട്ടിലാണ്. അങ്ങാടിപ്പുറം, പുലാമന്തോൾ, മൂർക്കനാട്, കുറുവ, പാങ്ങ് പഞ്ചായത്തുകളിലെ നിരവധി ഗ്രാമീണ മേഖലകളിലുള്ളവരുടെ പ്രധാന സഞ്ചാര പാതകൂടിയാണിത്.
മങ്കട ഗവ കോളേജ്, പുത്തങ്ങാടി സെന്റ് മേരീസ്, എം.ഇ.എസ്, കോളേജുകളും ഇതേ റോഡിനോട് ചേർന്ന് തന്നെ. ഇതിന് പുറമെ നിരവധി ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളും ഈ റോഡിന് ഇരു വശങ്ങളിലുമായുണ്ട്. നേരത്തെ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തലാക്കിയതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങൾ അത്രയും സ്വകാര്യ ബസുകളേയും, ഇരുചക്ര, മുച്ചക്ര വാഹനങ്ങളേയുമാണ് ഇപ്പോൾ ആശ്രയിച്ച് വരുന്നത്. നിലവിൽ പെരിന്തൽമണ്ണ ഡിപ്പോയിലെ 23 ബസുകളിലാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. തിരുവിഴാംകുന്ന് മൂന്ന്, മർകസ് നോളജ് സിറ്റി ഒന്ന് എന്നീ ഓർഡിനറി ബസുകളിലും, ടി.ടി കാറ്റഗറിയിൽ പാലക്കാട് – കോഴിക്കോട് റൂട്ടിലും പെരിന്തൽമണ്ണ ഗൂഡല്ലൂർ റൂട്ടിലുമാണ് സൗജന്യ യാത്ര. ഇതിന് പുറമെ മറ്റ് ഡിപ്പോയിൽ നിന്ന് വന്ന് പെരിന്തൽമണ്ണ വഴി കടന്നു പോകുന്ന കോഴിക്കോട് – പാലക്കാട്, ഗുരുവായൂർ – കോഴിക്കോട്, പൊന്നാനി – പാലക്കാട്, മഞ്ചേരി വഴിയുള്ള താമരശ്ശേരി – പാലക്കാട് തുടങ്ങിയ ടി.ടി സർവീസുകളിലും സൗജന്യ ലഭിക്കുന്നത് ഈ റൂട്ടുകളിലെ സ്ഥിരം വനിതാ യാത്രക്കാർക്ക് വലിയ അനുഗ്രഹമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
