
Perinthalmanna Radio
Date: 17-06-2026
ന്യൂയോർക്ക്: കളി മറന്ന ഒന്നാം പകുതിക്കുശേഷം ഒന്നാന്തരമായി തിരിച്ചുവന്ന് ഫ്രാൻസ്. രണ്ടാം പകുതിയിൽ അടിമുടി മാറിയ ഫ്രാൻസ് സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചു. ഒന്നാം പകുതിയിൽ നിറംമങ്ങുകയും രണ്ടാം പകുതിയിൽ വിശ്വരൂപം പുറത്തെടുക്കുകയും ചെയ്‌ത കിലിയൻ എംബാപ്പെയാണ് രണ്ട് ഗോൾ നേടിയത്. അറുപത്തിയാറാം മിനിറ്റിലായിരുന്നാ എംബാപ്പെയുടെ ആദ്യ ഗോൾ. പിന്നീട് എൺപത്തിരണ്ടാം മിനിറ്റിൽ ബ്രാഡ്ലി ബ്രാക്കളയിലൂടെ രണ്ടാം ഗോളും വലയിലാക്കി. സെനഗൽ ഇഞ്ചുറി ടൈമിൻ്റെ അഞ്ചാം മിനിറ്റിൽ ഇബ്രാഹിം എംബായെയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും അടുത്ത ക്ഷണം ഒരു ലോങ് റേഞ്ചറിലൂടെ എംബാപ്പെ വീണ്ടും ലീഡുയർത്തി.
മത്സരത്തിന്റെ ആദ്യ 30 മിനിറ്റുകൾ പിന്നിടുമ്പോൾ സൂപ്പർ താരം സാദിയോ മാനെയ്ക്കൊപ്പം, നിക്കോളാസ് ജാക്സനും ഇസ്മായില സാറും സെനഗലിനായി തന്ത്രങ്ങൾ മെനഞ്ഞ് കളം നിറഞ്ഞ കാഴ്‌ചയായിരുന്നു. സീസണിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഒൻപതു ഗോളുകൾ നേടിയ ഇസ്മായിലയുടെ പ്രകടനം സെനഗലിന് എത്രത്തോളം പ്രധാനമാണെന്നു വ്യക്തമാക്കുന്നതായിരുന്നു ഇത്. മധ്യനിരയിൽ കളി മെനഞ്ഞ ഫാൻസിനെ ആദ്യ പകുതിയിൽ സെനഗൽ ബോക്സിലേക്കു കയറാൻ അനുവദിക്കാതെ തളച്ചിടാൻ പ്രതിരോധ താരങ്ങൾക്കു സാധിച്ചു. 40-ാം മിനിറ്റിൽ ഫ്രഞ്ച് ബോക്സ്‌സിനു പുറത്തുനിന്ന് പന്തുമായി സമാന്തരം കുതിച്ച ഇസ്മായില സാറിനെ ഫ്രഞ്ച് പ്രതിരോധ താരം ഫൗൾ ചെയ്തു വീഴ്ത്തി. അപ്പോഴേക്കും പന്ത് സാദിയോ മാനെയ്ക്കു സുരക്ഷിതമായെത്തിക്കാൻ സാറിനു സാധിച്ചിരുന്നു. തകർപ്പനൊരു ഷോട്ട് സാദിയോ മാനെ ഗോൾപോസ്റ്റിലേക്ക് പായിച്ചെങ്കിലും ഫ്രഞ്ച് ഗോളി പിടിച്ചെടുത്തു. പരുക്കേറ്റ ഇസ്‌മായില സാർ ഗ്രൗണ്ടിൽ വീണെങ്കിലും, പിന്നീടു കളി തുടർന്നു. ആറു മിനിറ്റാണ് ആദ്യ പകുതിക്ക് അധിക സമയമായി അനുവദിച്ചത്. അധിക സമയത്ത് സെനഗൽ ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം സൃഷ്‌ടിച്ചു. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. സാദിയോ മാനെ നൽകിയ പന്തിൽ, ഇസ്മായില സാറിന്റെ ഷോട്ട് ഗതി മാറി പോസ്റ്റിനു മുകളിലൂടെ പുറത്തേക്കുപോയി. തൊട്ടുപിന്നാലെ റഫറി ഹാഫ് ടൈം വിസിൽ മുഴക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗ്രൗണ്ടിൻ്റെ മധ്യഭാഗത്തുനിന്ന് പാസായി ലഭിച്ച പന്ത് പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് ഫ്രഞ്ച് താരം ഡെസിറെ ഡുവേ പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചു. പക്ഷേ ശക്തമായ ഷോട്ട് സെനഗൽ പോസ്റ്റിന് ഭീഷണിയാകാതെ പുറത്തേക്കാണു പോയത്. പന്തുമായി കലിദു കൂലിബാലിയെ മറികടന്ന ഫ്രഞ്ച് താരം മിച്ചൽ ഒലിസെ തകർപ്പൻ ഷോട്ട് ഉതിർത്തെങ്കിലും സെനഗൽ ഗോൾ കീപ്പർ എഡ്വാർഡോ മെൻഡി രക്ഷകനായെത്തി. 57-ാം മിനിറ്റിൽ കിലിയൻ എംബപെയുടെ ഷോട്ടും മെൻഡി തടുത്തിട്ടു. 58-ാം മിനിറ്റിൽ എംബപെയെ സാദിയോ മാനെ വീഴ്ത്തിയതിന് ഫ്രഞ്ച് താരങ്ങൾ പെനാൽറ്റി ആവശ്യപ്പെട്ടു. ‘വാർ’ പരിശോധനകൾക്കു ശേഷം റഫറി ഈ ആവശ്യം തള്ളി. 63-ാം മിനിറ്റിൽ മൈക്കൽ ഒലിസെയുടെ പാസിൽ കിലിയൻ എംബപെ സെനഗൽ ബോക്സിലേക്ക് ഇരച്ചെത്തിയെങ്കിലും ഗോൾ കീപ്പർ എഡ്വാർഡോ മെൻഡി പ്രതിരോധിച്ചു.
ആദ്യ പകുതിയിലാകെ ഫ്രാൻസ് നടത്തിയതിനേക്കാളും ആക്രമണങ്ങൾ രണ്ടാം പകുതിയുടെ ‘ഹൈഡ്രേഷൻ ബ്രേക്കിനു’ മുൻപേ ഫ്രാൻസിൽനിന്നുണ്ടായി. അതിന്റെ ഫലം കണ്ടത് 66-ാം മിനിറ്റിൽ. ബോക്സിനു പുറത്തുനിന്ന് ഒലിസെ നീട്ടി നൽകിയ പാസിലേക്ക് സെനഗൽ പ്രതിരോധ താരങ്ങളെ അതിവേഗം പിന്നിലാക്കി കിലിയൻ എംബപെ ഓടിയെത്തി. ഗോളി മാത്രം മുന്നിൽ നിൽക്കെ 2026 ലോകകപ്പിലെ ആദ്യ ഗോളടിച്ച് സൂപ്പർ താരം എംബപെ ആഘോഷം തുടങ്ങി. സ്കോർ 1-0. തൊട്ടുപിന്നാലെ സെനഗലിനായി ഇസ്മായില സാർ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. 74-ാം മിനിറ്റിൽ ഡെസിറെ ഡുവേ എടുത്ത ഷോട്ട് സെനഗൽ ഗോളി തട്ടിയകറ്റി. ഗോൾ വഴങ്ങിയതിനു പിന്നാലെ സെനഗൽ മുന്നേറ്റ നിരയിൽനിന്നുള്ള ആക്രമണങ്ങൾ കുറഞ്ഞു.
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
80-ാം മിനിറ്റിൽ ഉസ്‌മാൻ ഡെംബലെയെ പിൻവലിച്ച ഫ്രാൻസ് ബ്രാഡ്ലി ബാർകൊലയെ ഗ്രൗണ്ടിലിറക്കി. സെനഗൽ പിന്നോട്ടു വലിഞ്ഞ അവസരം മുതലാക്കിയ ഫ്രാൻസ് ആക്രമണം കടുപ്പിക്കുകയാണു ചെയ്തത്. 82-ാം മിനിറ്റിൽ സെനഗലിനെതിരായ ലീഡ് രണ്ടാക്കി ഉയർത്താൻ ഫാൻസിനു സാധിച്ചു. ഗ്രൗണ്ടിന്റെ മധ്യവരയ്ക്കു സമീപത്തുനിന്ന് അഡ്രിയൻ റാബിയറ്റ് നീട്ടിനൽകിയ പന്ത് ബോക്സിലേക്ക് ഓടിക്കയറിയ ബ്രയാൻ ബാർക്കൊല പിടിച്ചെടുത്തു. പന്തു തടയാൻ മുന്നിലേക്കു കയറിവന്ന സെനഗൽ ഗോളിയുടെ തലയ്ക്കു മുകളിലൂടെ സ്റ്റേഡിയത്തെ നടുക്കിക്കൊണ്ട് ഒരു ഗോൾ. സ്കോർ 2-1. ഫ്രാൻസിനായി ബാർകൊലയുടെ നാലാമത്തെ മാത്രം ഗോളാണിത്.
രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ഇബ്രാഹിം എംബായെ സെനഗലിനായി ആദ്യ ഗോൾ കണ്ടെത്തി. ഇലിമാന്റെ അസിസ്റ്റിലായിരുന്നു ടീമിന്റെ തിരിച്ചുവരവ്. എന്നാൽ ഈ ഗോൾ ഒന്നാഘോഷിക്കാനുള്ള സമയം പോലും സെനഗൽ ആരാധകർക്ക് ഫ്രഞ്ച് താരം കിലിയൻ എംബപെ നൽകിയില്ലെന്നതാണു സത്യം. 90+6 -ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് എംബപെയുടെ ഷോട്ട് വലയിലെത്തി. ഫ്രാൻസ് 3-1ന് മുന്നിൽ.ഫ്രാൻസിനായി കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും ഈ മത്സരത്തോടെ എംബപെ സ്വന്തമാക്കി. 58 രാജ്യാന്തര ഗോളുകളുള്ള എംബപെ ഇതിഹാസ താരം ഒലിവർ ജിറൂദിനെയാണ് പിന്തള്ളിയത്. ലോകകപ്പിൽ ഫ്രാൻസിനായി കൂടുതൽ ഗോൾ നേടുന്ന താരവും എംബപെയാണ്. 15 കളികളിൽനിന്ന് 14 ലോകകപ്പ് ഗോളുകളാണ് എംബപെ ഇതുവരെ അടിച്ചത്.തൊട്ടുപിന്നാലെ ചൊവേമേനിയുടെ സെൽഫ് ഗോളിൽ സ്കോർ 3-2 ആകുമായിരുന്നെങ്കിലും ഫ്രഞ്ച് ഗോൾ കീപ്പറുടെ സമയോചിതമായ ഇടപെടൽ ഫ്രാൻസിന്റെ വിജയത്തിൻ്റെ മാറ്റുകൂട്ടി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
