ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ

Share to


Perinthalmanna Radio
Date: 20-06-2026

പെരിന്തൽമണ്ണ: നാടിന്റെ 16 വർഷക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പെരിന്തൽമണ്ണ ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രാരംഭഘട്ട നടപടികൾക്കായി 10 കോടി രൂപ അനുവദിച്ച പശ്ചാത്തലത്തിൽ ഒരു വർഷത്തിനകം പ്രാഥമിക നടപടികളും പേപ്പർ വർക്കുകളും പൂർത്തിയാക്കി, അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർണ്ണമായി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും നജീബ് കാന്തപുരം എം.എൽ.എ അറിയിച്ചു.

പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയതോടെ വലിയൊരു തടസ്സമാണ് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ബജറ്റിൽ ടോക്കൺ പ്രൊവിഷൻ മാത്രമായി ചുരുക്കി ഇടതുപക്ഷ സർക്കാർ ഒരു നയാപൈസ പോലും അനുവദിക്കാതിരുന്ന പദ്ധതിക്കാണിപ്പോൾ ചിറക് മുളച്ചിരിക്കുന്നത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹം നൽകിയ വാഗ്ദാനം വളരെ ശക്തമായി നടപ്പിലാക്കുകയാണുണ്ടായത്. മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ തന്നെ ഈ പദ്ധതി ഉൾപ്പെടുത്തിയത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

കേവലം പെരിന്തൽമണ്ണയുടെ മാത്രം ആവശ്യത്തിലുപരി പാലക്കാട് – കോഴിക്കോട് റോഡിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിനാണ് ഇതോടെ പരിഹാരമാകുന്നത്. വരാനിരിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് പുറമെ, നിലവിലുള്ള ദേശീയപാതയിലെ പ്രധാന കുരുക്കഴിക്കാൻ ഈ ബൈപ്പാസിന് സാധിക്കും. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കാത്ത രീതിയിൽ പൂർണ്ണമായും ഒരു ‘എലവേറ്റഡ് ഹൈവേ’  ആയിട്ടായിരിക്കും ഇത് നിർമ്മിക്കുക.

പദ്ധതിയുടെ ഭാഗമായി റെയിൽവേയുടെ അനുമതിക്കായി സമർപ്പിച്ച പുതിയ എലവേഷന് സി.ഇ.ഒ (CEO) ഓഫീസ് അംഗീകാരം നൽകിയിട്ടുണ്ട്. ഇനി ഇത് സതേൺ റെയിൽവേയ്ക്ക് കൈമാറും. റെയിൽവേയുടെ അനുമതി ലഭ്യമാകുന്നതോടെ ബജറ്റിൽ അനുവദിച്ച 10 കോടി രൂപ റെയിൽവേ ലാൻഡ് അക്വിസിഷനായി (സ്ഥലമേറ്റെടുക്കൽ) ഉപയോഗിക്കാൻ സാധിക്കും. ആർ.ഒ.ബി (ROB) നിർമ്മാണത്തിനുള്ള തുകയും ഇതിന് പിന്നാലെ ലഭ്യമാകും.

ഏതാണ്ട് 400 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവായി പ്രതീക്ഷിക്കുന്നത്. ഇതിൽ സ്ഥലമേറ്റെടുക്കലിനായി മാത്രം 80 കോടി രൂപയോളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി വിവിധ ഏജൻസികളെ പങ്കാളികളാക്കാനും കേന്ദ്രസഹായം ലഭ്യമാക്കാനുമുള്ള ശ്രമങ്ങൾ നടത്തുമെന്നും ഒന്നാം വി.ഡി. സർക്കാരിന്റെ കാലത്തുതന്നെ ബൈപ്പാസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുമെന്നും എം.എ.എ കൂട്ടിച്ചേർത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *