
Perinthalmanna Radio
Date: 28-06-2026
പെരിന്തൽമണ്ണ: സംസ്ഥാനത്ത് കാലവർഷത്തിൽ ഇത്തവണ 35 ശതമാനം കുറവ്. മൺസൂൺ തുടങ്ങിയ ജൂൺ നാലുമുതൽ കഴിഞ്ഞ ദിവസംവരെയുള്ള കണക്കാണിത്. ഇടുക്കി, വയനാട് ജില്ലകളിലാണ് കാര്യമായ മഴക്കുറവ്. എൽനിനോ പ്രതിഭാസമാണ് ഇതിന് കാരണമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) റഡാർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറഞ്ഞു.
ഇങ്ങനെ മഴ കുറയുന്ന പ്രവണത 15 വർഷമായുണ്ട്. 2025-ൽ എട്ടു ശതമാനമായിരുന്നു കാലവർഷം തുടങ്ങി ഇതേ കാലയളവിലെ മഴയുടെ കുറവ്. 2024-ൽ 37 ശതമാനം, 2023-ൽ 66 ശതമാനം, 2021-ൽ 54 ശതമാനം, 2020-ൽ 17 ശതമാനം എന്നിങ്ങനെയായിരുന്നു കുറവ്. രാജ്യമാകെ 41 ശതമാനമാണ് മഴക്കുറവ്. കേരളത്തിലെ 44 നദികളെയും മഴക്കുറവ് ബാധിക്കും. എൽനിനോ എഫക്ട് 12-15 മാസം വരെ തുടരാമെന്നും ഡോ. അഭിലാഷ് പറഞ്ഞു.
ദക്ഷിണ അമേരിക്കയിലെ പെറുവിന്റെ തീരത്ത് ശാന്തസമുദ്രത്തിലെ ഉപരിതല താപനില അസാധാരണമായി കൂടുന്ന പ്രതിഭാസമായ എൽ നിനോ സജീവമാകുമ്പോൾ, ഇന്ത്യയിലേക്ക് മഴ കൊണ്ടുവരുന്ന കാലവർഷക്കാറ്റിന്റെ ശക്തി കുറയും. അതേസമയം, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടാൽ ഈ മാസം അവസാനത്തോടെ നല്ല മഴ കിട്ടാനും സാധ്യതയുണ്ട്.
വായു പ്രവാഹങ്ങളും മേഘങ്ങളുടെ ഘടനയും നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന റഡാർ സ്റ്റേഷൻ കുസാറ്റിലുണ്ട്. ദക്ഷിണേന്ത്യയിൽ ഒരു കാമ്പസിൽ റഡാർ ഗവേഷണ കേന്ദ്രം ആദ്യമായി തുടങ്ങിയത് ഇവിടെയാണ്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ 26 കോടി രൂപ സഹായത്തോട് 2016-ലാണ് തുടങ്ങിയത്. 20 കിലോമീറ്റർ വരെ ഉയരത്തിലുള്ള വിവരങ്ങൾ ശേഖരിക്കാൻ കഴിയും.
*ജില്ലകളിലെ മഴക്കുറവ് (ശതമാനത്തിൽ)*
വയനാട്- 65, ഇടുക്കി-53, കാസർകോട്-41, കണ്ണൂർ-41, പാലക്കാട്-37, കൊല്ലം-36, തൃശ്ശൂർ-33,എറണാകുളം-29, ആലപ്പുഴ-33, കോഴിക്കോട്-25, മലപ്പുറം-20, കോട്ടയം-20, പത്തനംതിട്ട-18. തിരുവനന്തപുരത്ത് സാധാരണ നിലയിൽ മഴകിട്ടി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
