തദ്ദേശവാർഡ് പുനർവിഭജനം; പുതിയ വീട്ടുനമ്പർ ഉടൻ, കെ-സ്‌മാർട്ടിൽ നമ്പർ ക്രമീകരണം തുടങ്ങി

Share to


Perinthalmanna Radio
Date: 02-06-2026

തദ്ദേശവാർഡ് പുനർ വിഭജനം അടിസ്ഥാനത്തിലുള്ള പുതിയ വീട്ടുനമ്പർ ഉടനെത്തും. കെ-സ്മാർട്ടിന്റെ സഹായത്തോടെ വീട്ടുനമ്പറുകൾ ഡിജിറ്റലായി നൽകിത്തുടങ്ങി. ഒരുമാസത്തിനകം സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും പുതിയ വീട്ടുനമ്പർപ്രകാരം നികുതിയടയ്ക്കുന്നതടക്കമുള്ള സേവനങ്ങൾ ലഭ്യമാകും.

2025 ജൂലായിൽ പുനർവിഭജന നടപടികൾ പൂർത്തിയായെങ്കിലും പുതിയ വീട്ടുനമ്പർ നൽകിയിരുന്നില്ല. പ്രത്യേക സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ പഴയ നമ്പറുകൾ പോർട്ട് ചെയ്താണ് കെ-സ്മാർട്ടിൽ പുതിയ വീട്ടുനമ്പറായി ഉൾപ്പെടുത്തിയിട്ടുള്ളത്. പരീക്ഷണാർഥം ചില പഞ്ചായത്തുകളിൽ മുഴുവൻ വാർഡിലും പുതിയ വീട്ടുനമ്പർ ഡിജിറ്റലായി അനുവദിച്ചു. ശേഷമാണ് മറ്റ് പഞ്ചായത്തിലും പുതിയ വീട്ടുനമ്പർ അനുവദിക്കാൻ നിർദേശം നൽകിയിട്ടുള്ളത്‌. പുതിയവീട് നിർമിക്കുന്നവർക്കും തൊട്ടടുത്ത വീടിന്റെ തുടർച്ചയായുള്ള വീട്ടുനമ്പർ ലഭിക്കും.

അതേസമയം കെ-സ്മാർട്ടിൽ പുതിയ നമ്പർ അനുവദിക്കുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ ചില പഞ്ചായത്തുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. 2025 പ്രകാരമുള്ള വിവരങ്ങൾ ക്രമീകരിച്ചിട്ടും കെ-സ്മാർട്ടിലെ സിറ്റിസൺ ലോഗിനിൽ പുതിയ കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കാൻ പുതിയവാർഡ് പ്രകാരം അപേക്ഷിക്കാൻ കഴിയുന്നില്ല. ഇവർക്ക് 2025-ലെ വിവരങ്ങൾക്കുപകരം 2013-ലെ വിവരങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, മറ്റ് അപേക്ഷകളെല്ലാം പുതിയനമ്പർ പ്രകാരം ലഭിച്ചുതുടങ്ങി.

മുൻവർഷങ്ങളിൽ പുതിയനമ്പർ അനുവദിക്കുന്നതിലടക്കം മനുഷ്യസഹജമായ പിഴവുകളുണ്ടെങ്കിൽ പരിഹരിക്കാൻ സോഫ്റ്റ്‌വേറിൽ പ്രത്യേക ക്രമീകരണം ഉണ്ടായിരുന്നു. കെ-സ്മാർട്ടിലും സമാനസൗകര്യം വേണമെന്ന്‌ തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. പുതിയനമ്പർ വീടുകളിലെ ചുമരിൽ പതിപ്പിക്കാൻ ഇനിയും സമയമെടുക്കും. ഇതിനായി സർക്കാരിന്റെ ഉത്തരവും കൂടുതൽ ജീവനക്കാരുടെ സേവനവും വേണ്ടിവരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *