
Perinthalmanna Radio
Date: 03-06-2026
പെരിന്തൽമണ്ണ: അമ്മിനിക്കാട് വളാംകുളത്ത് സ്വകാര്യ വ്യക്തിയുടെ വളപ്പിൽ അജ്ഞാതനായ പുരുഷനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചോലമുഖത്ത് അസൈനു എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലെ പറങ്കിമാവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തിരിച്ചറിയാൻ സാധിക്കാത്ത വിധം അഴുകിയ നിലയിലായിരുന്നു മൃതദേഹം.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സ്ഥലുടമയായ അസൈനു തന്നെയാണ് മൃതദേഹം ആദ്യം കണ്ടത്. പറമ്പിൽ വീണുകിടന്ന തേങ്ങകൾ പെറുക്കുന്നതിനിടയിലാണ് പറങ്കിമാവിൽ തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമീപത്ത് ജോലി ചെയ്തിരുന്ന മൊബൈൽ ടവർ തൊഴിലാളികളെ വിവരമറിയിക്കുകയും അവർ മൊബൈലിൽ ചിത്രങ്ങൾ പകർത്തിയ ശേഷം പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് അസൈനു നേരിട്ടെത്തി പോലീസിൽ പരാതി നൽകി.
പാറൽ – ഒടമല – അമ്മിനിക്കാട് റോഡിനോട് ചേർന്ന് ആൾതാമസമില്ലാത്ത ഭാഗമാണിത്. മകളുടെയും ഭാര്യയുടെയും ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ മാസം 16-ന് ശേഷം സ്ഥലുടമ ഈ പറമ്പിലേക്ക് വന്നിരുന്നില്ല. സമീപപ്രദേശങ്ങളിലൊന്നും ആളുകളെ കാണാതായതായി നിലവിൽ റിപ്പോർട്ടുകളില്ല.
പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മലപ്പുറം ട്രോമ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിലുള്ള വളണ്ടിയർമാരും സ്ഥലത്തെത്തിയിരുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
