
Perinthalmanna Radio
Date: 04-05-2026
കോഴിക്കോട്: മുസ്ലിം ലീഗിന്റെ ആദ്യവനിതാ എംഎൽഎ എന്ന ചരിത്രനേട്ടത്തിനുടമായായി അഡ്വ. ഫാത്തിമ തഹലിയ. കോഴിക്കോട് ജില്ലയിൽ എൽഡിഎഫിന്റെ ശക്തികേന്ദ്രമായ പേരാമ്പ്ര മണ്ഡലത്തിൽ അപ്രതീക്ഷിതമായാണ് ഫാത്തിമ തഹലിയ ലീഗിന്റെ സ്ഥാനാർഥിയായെത്തിയത്. ശക്തനായ എതിർസ്ഥാനാർഥി എൽഡിഎഫിന്റെ മുതിർന്ന നേതാവ് ടി. പി. രാമകൃഷ്ണനെ ഏഴായിരത്തിൽപ്പരം വോട്ടുകൾക്കാണ് രാഷ്ട്രീയ പ്രവർത്തനത്തിൽ താരതമ്യേന പുതുമുഖം എന്ന് വിശേഷിപ്പിക്കാവുന്ന ഫാത്തിമ തഹലിയ പരാജയപ്പെടുത്തിയത്. ലീഗ് വനിതകൾക്ക് അവസരം നൽകുന്നില്ല എന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് നിർണായകമായ പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് യുഡിഎഫിനെ പ്രതിനിധീകരിച്ച് ലീഗിന്റെ ആദ്യത്തെ വനിതാ പ്രതിനിധിയെത്തുന്നത്.
മണ്ഡലം രൂപവൽക്കരിച്ച ശേഷം രണ്ടുതവണ ഒഴികെ ഒരുകാലത്തും പേരാമ്പ്ര ഇടതിനെ കൈവിട്ടിരുന്നില്ല. ഇവിടെയായിരുന്നു തികച്ചും അപ്രതീക്ഷിതമായി ഫാത്തിമ തഹലിയ അങ്കം കുറിച്ചത്. കുറ്റിച്ചിറയിലെ കൗൺസിലർ കൂടിയായ ഫാത്തിമ പേരാമ്പ്രയിലെത്തി കളം നിറഞ്ഞതോടെ ടി.പി. രാമകൃഷ്ണന്റെ വിജയത്തെ കുറിച്ച് ഇടത് നേതൃത്വത്തിനും സംശയം തോന്നിത്തുടങ്ങി. ഇതിനിടയാണ് അനൗൺസ്‌മെന്റ് വിവാദവും ഖൗമിലെ കുട്ടി വിവാദവും ഒക്കെ വന്നത്. എന്ത് വിലകൊടുത്തും മണ്ഡലം നിലനിർത്തണമെന്ന ഉറച്ച തീരുമാനത്തിൽ ആയിരുന്നു ഇടത് നേതൃത്വം. പക്ഷേ ഒന്നും ഫലം കണ്ടില്ല. 1980 മുതൽ തുടർച്ചയായി സിപിഎം മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് പേരാമ്പ്രയെങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് എൽഡിഎഫ് ഇവിടെ നേരിട്ടത്. പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിയും.
തിരഞ്ഞെടുപ്പ് കാലത്തു തന്നെ ഫാത്തിമ തഹലിയക്കെതിരെ വന്ന ‘ഖൗമിലെ കുട്ടി’ അനൗൺസ്‌മെന്റ് വിവാദത്തിൽ പേരാമ്പ്ര മണ്ഡലം ഏറെ ചർച്ചയായിരുന്നു. ഇതിൽ സിപിഎം പ്രതിരോധത്തിലുമായിരുന്നു. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് മെഷിനുകൾ സൂക്ഷിച്ച സ്‌ട്രോങ് റൂമിന് സമീപത്തെ മെറ്റീരിയൽ റൂം തുറന്നതായിരുന്നു തിരഞ്ഞെടുപ്പിന് ശേഷമുള്ള വിവാദം. ഇതിന് പുറമെയാണ് ഡീൽ ആരോപണവും വന്നത്. വടകര, നാദാപുരം മണ്ഡലങ്ങളിൽ കോൺഗ്രസ്- ബിജെപി ഡീൽ നടന്നെന്ന ആരോപണം ഉന്നയിച്ച് കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ ഇത് പരാജയം മണത്തുള്ള ജാമ്യമെടുക്കലാണ് എന്ന് എതിരാളികൾ പ്രതികരിച്ചിരുന്നു. ന്യൂനപക്ഷ വോട്ടുകൾ ഏറെ നിർണായകമായ നാദാപുരം, കുറ്റ്യാടി, വടകര പേരാമ്പ്ര മണ്ഡലങ്ങളിൽ വലിയ പ്രതീക്ഷയാണ് ഇത്തവണ യുഡിഎഫിനുണ്ടായിരുന്നത്. നാദാപുരം പിടിച്ചെടുക്കാമെന്ന് ഉറപ്പിക്കുമ്പോഴും തരംഗം ഉണ്ടായാൽ കുറ്റ്യാടിക്ക് പുറമെ പേരാമ്പ്രയും തങ്ങളിലേക്ക് എത്തുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടിയത്.
പേരാമ്പ്രയിൽ ഇത്തവണ ചരിത്രം തിരുത്തുമെന്നും മണ്ഡലം യുഡിഎഫ് പിടിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ജെൻ സീ വോട്ടുകൾ പൂർണമായും ഫാത്തിമ തഹലിയയ്ക്ക് കിട്ടിയെന്നും. വർഗീയ കാർഡ് ഇറക്കിയിട്ടും എൽഡിഎഫിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ഥാനാർഥിയായി ഫാത്തിമ തഹലിയ എത്തിയത് മുതൽ വർഗീയ പ്രചാരണങ്ങൾ ആരംഭിച്ചതായും ആദ്യം ജമാഅത്തെ നോമിനിയാണ് എന്നും ആരോപണങ്ങൾ ഉയർന്നതായും അത് ഏശില്ലെന്ന് അറിഞ്ഞതോടെയാണ് ഖൗമ് വിവാദം കൊണ്ടുവന്നതെന്നും ടി.ടി ഇസ്മായിൽ കൂട്ടിച്ചേർത്തു.
വിദ്യാർഥി സംഘടനാപ്രവർത്തനത്തിലൂടെയാണ് ഫാത്തിമ തഹലിയ ശ്രദ്ധേയയായത്. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിരുദവും തൃശ്ശൂരിൽ നിന്ന് നിയമത്തിൽ ബിരുദാനന്തരബിരുദവും നേടി പഠനത്തിലും ഫാത്തിമ തഹലിയ മികവ് പുലർത്തി. എംഎസ്എഫിന്റെ നേതൃസ്ഥാനത്ത് നിന്ന് പ്രവർത്തനമാരംഭിച്ച് മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാനസെക്രട്ടറി പദത്തിലൂടെ കേരള നിയമസഭയിലെത്തി നിൽക്കുകയാണ് തഹലിയയുടെ രാഷ്ട്രീയപ്രവർത്തനം. നിലവിൽ കോഴിക്കോട് ജില്ലാ കോടതിയിൽ അഭിഭാഷകയായി പ്രവർത്തിക്കുകയാണ്.
വർഗീയാരോപണം ഉൾപ്പെടെയുള്ള ചെളിവാരിയെറിയലുകളെ സധീരം പ്രതിരോധിച്ചതിലുള്ള ആത്മവിശ്വാസം ഫാത്തിമ തഹലിയയ്ക്ക് വലിയ മൈലേജാണ് നൽകിയത്. യുഡിഎഫിന്റെ കൃത്യതയാർന്ന സ്ഥാനാർഥിതിരഞ്ഞെടുപ്പ് ലീഗിന് നിയമസഭയിൽ നിർണായകനേട്ടമാണ് ഫാത്തിമ തഹലിയയിലൂടെ ലഭിച്ചത്. സഭയിൽ ലീഗിന്റെ യൂത്ത് ഫെയ്‌സായി, ജെൻസീ പ്രതിനിധിയായി ഫാത്തിമ തഹലിയ തിളങ്ങുമെന്ന് കരുതാം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
