
Perinthalmanna Radio
Date: 05-05-2026
പെരിന്തൽമണ്ണ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാറുള്ള പെരിന്തൽമണ്ണയിൽ ഇത്തവണ യു.ഡി.എഫിന്റെ സമഗ്രാധിപത്യം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ആകെ പോൾചെയ്ത വോട്ടിൽ 12.36 ശതമാനം വർധനവ് ഉണ്ടായപ്പോഴും എൽ.ഡി.എഫിന് 7.22 ശതമാനം വോട്ട് കുറഞ്ഞു.
അതേസമയം യു.ഡി.എഫ്. വോട്ട് വിഹിതം 10.15 ശതമാനം വർധിപ്പിക്കുകയും ചെയ്തു. 2021-ൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ശതമാനത്തിൽത്താഴെ (0.3 ശതമാനം) മാത്രം ആയിരുന്നെങ്കിൽ ഇത്തവണ വോട്ട് വ്യത്യാസം 17.42 ശതമാനമായി വർധിച്ചു. 165616 പേരാണ് 2021-ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇത്തവണ അത് 1,86,088 ആയി വർധിച്ചിട്ടുണ്ട്. 2021-ൽ 76,530 വോട്ട് നേടിയ യു.ഡി.എഫ്. ഇത്തവണ 1,04,888 വോട്ടാണ് നേടിയെടുത്തത്.
38-ൽനിന്ന് നജീബ് കാന്തപുരത്തിന്റെ ഭൂരിപക്ഷം 32,431 ആയി വർധിച്ചു. 46.21 ശതമാനത്തിൽ നിന്ന് 56.32 ശതമാനമായാണ് നജീബ് കാന്തപുരം വോട്ട് വർധിപ്പിച്ചത്. എന്നാൽ എൽ.ഡി.എഫിന്റെ വോട്ട് 46.19 ശതമാനത്തിൽ നിന്ന് 38.94 ശതമാനത്തിലേക്ക് താണു. എൻ.ഡി.എ.യുടെ വോട്ടിൽ ഇത്തവണ ഒരുശതമാനം കുറവുണ്ടായിട്ടുണ്ട്. 2021-ൽ 8021 വോട്ട് നേടിയ എൻ.ഡി.എയ്ക്ക് ഇത്തവണ 7,240 വോട്ട് നേടാനേ കഴിഞ്ഞിട്ടുള്ളൂ.
യു.ഡി.എഫിന് ഭരണം കിട്ടിയതിലൂടെ പെരിന്തൽമണ്ണ നഗരത്തിന്റെ വികസനമുരടിപ്പിന് പരിഹാരം കാണാനുള്ള സുവർണാവസരമാണ് ലഭിച്ചതെന്ന് നജീബ് കാന്തപുരം പറഞ്ഞു. യു.ഡി.എഫ്. ആഹ്ളാദപ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ വിജയം സാധാരണജനങ്ങൾക്ക് സമർപ്പിക്കുന്നതായും യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഇത്ര വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഡി.ജെ.യും കാവടിയും ചെണ്ടമേളവും അണിനിരന്ന വമ്പൻ ആഹ്ളാദപ്രകടനമാണ് തിങ്കളാഴ്ച വൈകീട്ട് യു.ഡി.എഫ്. നടത്തിയത്. തുറന്ന വാഹനത്തിൽ നജീബ് കാന്തപുരം പ്രവർത്തകരെ അഭിവാദ്യം ചെയ്തു. നൂറുകണക്കിന് പ്രവർത്തകർ ആഹ്ളാദ പ്രകടനത്തിന്റെ ഭാഗമായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
