പുതിയ സർക്കാർ ചുമതലയേറ്റില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ

Share to


Perinthalmanna Radio
Date: 12-05-2026

സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും പുതിയ സർക്കാരും മന്ത്രിസഭയും അധികാരമേൽക്കാത്തതിനാൽ, ഈ വർഷത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനത്തിൽ അവ്യക്തത. അന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് ഈ വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിർണയവും മറ്റു നടപടികളുമൊക്കെ പൂർത്തിയാക്കി പരീക്ഷാബോർഡ് ബുധനാഴ്ച ചേരും. അവർ ഫലത്തിന് അന്തിമരൂപം നൽകുമെങ്കിലും ഫലപ്രഖ്യാപനം മുൻകൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്തണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

പരീക്ഷാബോർഡ് ചേർന്നാൽ, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗികനടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസംകൂടി വേണ്ടിവരും. അതനുസരിച്ചാണ് ബുധനാഴ്ച പരീക്ഷാബോർഡിന്റെ യോഗം നിശ്ചയിച്ചത്. പതിവുപോലെ തുടർനടപടി പൂർത്തിയാക്കി, വെള്ളിയാഴ്ച ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തീകരിച്ചുകഴിഞ്ഞു. എന്നാൽ, സർക്കാരോ മന്ത്രിയോ ഒന്നുമാവാത്തതിനാൽ ആരു പ്രഖ്യാപിക്കുമെന്നതാണ് ചോദ്യം. 2021-ലെ തിരഞ്ഞെടുപ്പുകാലത്ത് ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കെ. ഷാജഹാനായിരുന്നു. അതുപോലെ, ഇത്തവണയും ഉണ്ടാവുമോയെന്നു വ്യക്തമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി ലോക്ഭവനിലേക്കു സ്ഥലംമാറി. ഷർമിള മേരി ജോസഫിനാണ് സെക്രട്ടറിയുടെ ചുമതല. ഇതിനു പുറമേ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷുമുണ്ട്. നടപടികൾ പൂർത്തിയായാൽ, മുൻകാലങ്ങളിലേതുപോലെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചിച്ച് ഫലപ്രഖ്യാപനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാവുന്നതേയുള്ളൂ. അത്തരമൊരു കൂടിയാലോചന ഇതുവരെ നടക്കാത്തതിനാലാണ് അവ്യക്തത.

സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള കേന്ദ്രബോർഡുകളെല്ലാം ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം മുൻകൂട്ടി നിശ്ചയിച്ചതുപോലെ നടത്തണമെന്ന് ആവശ്യപ്പെട്ട് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിവേദനം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *