
Perinthalmanna Radio
Date: 12-05-2026
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
മേയ് 14-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും മേയ് 15-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. മേയ് 16-ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനു പുറമെ തെക്കൻ കർണാടകയ്ക്ക് മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
ഈ ആഴ്ച അവസാനത്തോടെ ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വരുംദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തീരദേശ മേഖലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിലും കന്യാകുമാരി തീരത്തും ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരവരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതേസമയം കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
