വിഷുക്കണി ഒരുക്കാൻ “അരിപ്ര സ്വർണം”; അതിർത്തി കടന്ന് വെള്ളരി പ്രവാഹം

Share to


Perinthalmanna Radio
Date: 13-04-2026

അങ്ങാടിപ്പുറം: കണിവെള്ളരി കൃഷിയിൽ പേരുകേട്ട താഴെ അരിപ്രയിലെ മണ്ണിൽ വിളഞ്ഞ പൊൻനിറമുള്ള കണിവെള്ളരി തമിഴ്‌നാട്ടിലേക്കും മറ്റു ജില്ലകളിലേക്കും. 250 ടണ്ണോളം സ്വർണ വർണ വെള്ളരിയാണ് കയറ്റി അയയ്ക്കുന്നത്. കൂടുതൽ കയറ്റി അയച്ചത് പതിവു പോലെ കോയമ്പത്തൂരിലേക്കാണ്.

രണ്ടു പതിറ്റാണ്ടിലധികമായി കണിവെള്ളരി കയറ്റി അയയ്ക്കാൻ തുടങ്ങിയിട്ട്. താഴെ അരിപ്രയിലെ പാരമ്പര്യ കർഷകരാണ് പാടത്ത് വെള്ളരി കൃഷിയിറക്കുന്നത്. പാലത്തിങ്ങൽ നാരായണൻ വിളയിച്ചെടുത്തത് 40 ടൺ കണിവെള്ളരി. താഴെ അരിപ്രയിലെ മണ്ണിന്റെ പ്രത്യേകതയാകാം വെള്ളരിക്ക് അസാധാരണമായ തുടുത്ത സർണവർണം.

മകരക്കൊയ്ത്തിനുശേഷം വെള്ളരി വിതയ്ക്കും. വിഷുവിനോടടുത്ത് പറിച്ചെടുക്കും. മണികണ്ഠൻ കോലോത്തൊടി, സമീർ ബാബു തടിയങ്ങോടൻ, മുഹമ്മദാലി ഉള്ളാട്ടുപാറ, അബ്ദുൾ ഖാദർ പടിക്കപ്പറമ്പിൽ, കുഞ്ഞയമു പടിക്കപ്പറമ്പിൽ, ഉമ്മർ പൂളക്കൽ, ഹുസൈൻ പൂളക്കൽ, അബ്ദുൾഹക്കീം കല്ലംകുന്നൻ, ഷറീഫ് കക്കാട്ടിൽ, ഇബ്രാഹിം ചേന്നാരി, സെയ്താലി ചേന്നാരി, സെയ്താലി കക്കാട്ടിൽ തുടങ്ങിയ കർഷകരാണ് പാടത്ത് വർഷവും വെള്ളരി കൃഷിയിറക്കാറുള്ളത്.

25-30 ഏക്കറോളം പാടത്ത് ഇത്തവണ വെള്ളരിക്കൃഷി ഇറക്കിയിട്ടുണ്ട്. പാലത്തിങ്കൽ നാരായണൻ്റെ കവുങ്ങിൻ തോട്ടത്തിൽ കൂട്ടിയിട്ട വെള്ളരികൾ മനോഹരമായ കാഴ്‌ചയാണ്. ഇതു കാണാനായി ഒട്ടേറെപേർ എത്താറുണ്ട്. നാരായണൻ നാലു പതിറ്റാണ്ടിൽ അധികമായി വെള്ളരിക്കൃഷി ചെയ്യുന്നുണ്ട്. കിലോയ്ക്ക് 15 രൂപ തോതിലാണ് ഇത്തവണ വെള്ളരി വിറ്റുപോകുന്നത്. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങൾക്ക് പുറമെ എറണാകുളം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലേക്കും അരിപ്ര വെള്ളരി എത്തുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *