മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Share to


Perinthalmanna Radio
Date: 14-05-2026

സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നിടായിരിക്കും. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരെത്തും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടിയുടെ ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. തമിഴ്നാട് മുഖ്യമന്ത്രി വിജയിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ്മു‌ൻഷിയാണ് ഇന്ന് ഉച്ചയോടെ ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

സതീശന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അടുത്ത അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലമാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. വി.ഡി.സതീശനുമായി വീട്ടില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു ആന്റണി. ‘‘2001ല്‍ കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം കിട്ടിയപ്പോഴാണ് ഞാന്‍ മുഖ്യമന്ത്രി ആയത്. അന്നും ആദ്യം വലിയ ആരവമൊക്കെ ലഭിച്ചിരുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ആരവങ്ങള്‍ കെട്ടടങ്ങുകയും മാധ്യമങ്ങള്‍ എനിക്കെതിരായി തിരിയുകയും ചെയ്തു. അന്നത്തെ സാഹചര്യത്തിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ എടുത്ത ചില കടുത്ത തീരുമാനങ്ങളാണ് അതിനു കാരണമായത്. 

മുഖ്യമന്ത്രിക്ക് ഡല്‍ഹിക്കു പോകാന്‍ വിമാനടിക്കറ്റ് പോലും എടുക്കാന്‍ തരമില്ലാത്ത തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. അതു പരിഹരിക്കാനാണ് എല്ലാവരുമായി ആലോചിച്ച് കടുത്ത തീരുമാനങ്ങളെടുത്തത്. അതോടെ ആര്‍പ്പുവിളിച്ചവരെല്ലാം തിരിഞ്ഞു. ആ സ്ഥിതി സതീശനും സംഘത്തിനുമുണ്ടാകരുത്. അതുകൊണ്ട് ആദ്യനാളുകളില്‍ തന്നെ ഒന്നിനു പുറകേ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കരുത്. കുറച്ചു സമയം കൊടുക്കണം. ഇതു സാമ്പത്തികമായി തകര്‍ന്നടിഞ്ഞു പാപ്പരായ സംസ്ഥാനമാണ്. നാടിനെ അതില്‍നിന്നു കരകയറ്റാന്‍ സതീശന് അവസരം നല്‍കണം’’ – ആന്റണി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *