
Perinthalmanna Radio
Date: 15-06-2026
മേലാറ്റൂർ: ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാതയായി. 14 മീറ്റർ നീളത്തിലും 4.50 മീറ്റർ വീതിയിലും 3.60 മീറ്റർ ഉയരത്തിലുമാണ് അടിപ്പാത നിർമിച്ചിട്ടുള്ളത്.പാർശ്വ ഭിത്തിയുടെയും കീഴാറ്റൂർ ഭാഗത്തേക്കുള്ള അനുബന്ധ റോഡിന്റെയും പണി പൂർത്തിയായാൽ അടിപ്പാത ഗതാഗത യോഗ്യമാകും. മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റെയിൽവേ പാത മുറിച്ചു കടക്കാൻ പതിറ്റാണ്ടുകളായിട്ടും സൗകര്യമുണ്ടായിരുന്നില്ല.
വളയപ്പുറം സ്കൂളിലേക്കടക്കം വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിച്ചിരുന്നത്. റെയിൽവേപ്പാത വൈദ്യുതീകരിച്ചതോടെ പാളത്തിനടിയിലൂടെയും മുകളിലൂടെയും കാൽനടയായി സഞ്ചരിക്കുന്നതും അപകട ഭീഷണിയായി.
അതു കൊണ്ടു തന്നെ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് പാളത്തിനപ്പുറത്തേക്കും ഇപ്പുറത്തേക്കും സഞ്ചരിച്ചിരുന്നത്. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കീഴാറ്റൂർ പഞ്ചായത്തിലെ നെൻമിനി, കണ്യാല, ഒറവമ്പുറം, അരികണ്ടംപാറക്, പൂന്താനം, പറമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് നിലമ്പൂർ- പെരിന്തൽമണ്ണ സംസ്ഥാന പാതയിലേക്കും മേലാറ്റൂർ പഞ്ചായത്തിലെ വേങ്ങൂർ, ചെമ്മാണിയോട്, കാര്യവട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്താവുന്ന രീതിയിലാണ് അടിപ്പാതയുടെ നിർമാണം.
നിലമ്പൂർ- പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ വേങ്ങൂർ ഞാവൾപ്പടിയിൽ നിന്ന് അടിപ്പാതയിലേക്ക് ഗതാഗത യോഗ്യമായ റോഡുണ്ട്. അതു കൊണ്ടുതന്നെ ആ ഭാഗത്തുനിന്ന് വരുന്നവർക്ക് അടിപ്പാത വഴി മറു ഭാഗത്തെത്താം.
എന്നാൽ അടിപ്പാതയുടെ മറുഭാഗത്ത് കീഴാറ്റൂർ ഭാഗത്തേക്കുള്ള റോഡിന്റെ പണി പൂർത്തിയാകാനുണ്ട്. അതുകൂടി പൂർത്തിയായാൽ മാത്രമേ ഈ വഴി ഗതാഗതം തുടങ്ങാൻ സാധിക്കുകയുള്ളൂ.
റെയിൽവേ അനുവദിച്ച 2.2 കോടി രൂപ ചെലവിലാണ് അടിപ്പാതയുടെ നിർമാണവും അനുബന്ധപണികളും നടത്തുന്നത്. മേലാറ്റൂർ- കീഴാറ്റൂർ നിവാസികൾ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതിയാകാൻ വളയപ്പുറത്ത് അടിപ്പാതയോ ചെമ്മാണിയോട് പാമ്പാലൻകുണ്ടിൽ മേൽപ്പാലമോ നിർമിക്കണമെന്ന ജനകീയ ആവശ്യം ശക്തമായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
