
Perinthalmanna Radio
Date: 17-06-2026
പെരിന്തൽമണ്ണ : നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ നാലകത്ത് ബഷീറിന്റെ പേരിലുള്ള സാമ്പത്തിക അഴിമതി കേസ് സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങൾ ആക്ഷേപമുന്നയിച്ചത് പെരിന്തൽമണ്ണ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കൈയാങ്കളിയിൽ എത്തി. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് നടക്കാവ് പൊലീസ് പെരിന്തൽമണ്ണ നഗരസഭയിലെ ആരോഗ്യ സമിതി ചെയർമാൻ നാലകത്ത് ബഷീറിനെയടക്കം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യണമെന്നും ആരോപണ വിധേയനായ അദ്ദേഹം സ്ഥാനം രാജി വെക്കണമെന്നും സി.പി.എം അംഗങ്ങൾ ആവശ്യ പെട്ടതോടെയായിരുന്നു ബഹളം. ഉന്തും തള്ളും പോർ വിളിയുമായി യോഗം അലങ്കോലമായി. മുതിർന്ന അംഗങ്ങൾ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ബഹളം പിന്നെയും തുടർന്നു. ഇടതു അംഗങ്ങളായ രാഹുൽ, മൻസൂർ നെച്ചിയിൽ എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങൾ ഏറെ നേരം മുദ്രാവാക്യം വിളിച്ച് യോഗം ബഹിഷ്കരിച്ചു.
2018 ഫെബ്രുവരിയിൽ കോഴിക്കോട് നടത്തിയ ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പ് നടത്തിപ്പിൽ ക്രമക്കേട് ആരോപിച്ച് കണ്ണൂർ പേരാവൂർ സ്വദേശി സെബാസ്റ്റ‌്യൻ ജോർജ് വിജിലിൻസിന് നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. ഇതിൽ നാലകത്ത് ബഷീറിന് പുറമേ സംഘാടകരായ സി.പി.എം മുൻ കോഴിക്കോട് ജില്ല സെക്രട്ടറിയെ അടക്കം പ്രതി ചേർത്തിട്ടുണ്ട്. എന്നാൽ, മികച്ച രീതിയിൽ നടത്തിയ ചാമ്പ്യൻഷിപ്പ് സംബന്ധിച്ചാണ് പരാതിയെന്നും അത് വസ്‌തുതാപരമല്ലെന്നും നാലകത്ത് ബഷീർ പ്രതികരിച്ചു.
അതേസമയം, പ്രതിപക്ഷ കൗൺസിലർമാരുടെ ബഹളവും ഇറങ്ങിപ്പോക്കും പാർട്ടി ഓഫിസിൽ നിന്നു കൊടുത്ത നിർദേശം അനുസരിച്ചാണെന്നും ബഷീറിനെതിരായ ആരോപണവും തുടർന്ന് ഉണ്ടായ വാക്കു തർക്കവും തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്നും നഗരസഭ അധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് പറഞ്ഞു.
കേസിന്റെ പ്രാഥമിക നടപാടികൾ പോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ലെന്നും അവർ കൂട്ടിച്ചേർത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
