സങ്കടക്കടലായി പള്ളിപ്പറമ്പ്; അന്തിമോപചാരമർപ്പിച്ച് ആയിരങ്ങൾ

Share to


Perinthalmanna Radio
Date: 18-04-2026

പെരിന്തൽമണ്ണ: കേരളത്തെ നടുക്കിയ വാൽപാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരിൽ ഏഴുപേരുടെ സംസ്കാരം നടന്നു. മൂന്നു പള്ളികളിലായാണ് ഏഴു പേ‌ർക്ക് അന്ത്യവിശ്രമം ഒരുക്കിയത്. സ്കൂളിലെ പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തി തീരത്തും ആശയുടേത് കൊളത്തൂരിലെ വീട്ടുവളപ്പിലുമായി നടക്കും. അര്‍ധരാത്രിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണു പൂര്‍ത്തിയായത്. ഇതിനുശേഷം പുലർച്ചെ 6.10നാണ് പൊലീസ് അകമ്പടിയോടെ മൃതദേഹങ്ങളും വഹിച്ചുള്ള ആംബുലൻസുകൾ കേരളത്തിലേക്ക് തിരിച്ചത്. തുടർന്നു പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചു. ഉറ്റവരെ അവസാനമായി ഒരുനോക്കു കാണാൻ നാടാകെ അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് എത്തിച്ചേർന്നിരുന്നു.

പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽപി സ്‌കൂളിൽനിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകിട്ട് 5.20 ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. നാട്ടിലേക്ക് മടങ്ങവേ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർഅകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത (54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല (52), സുഹറ (43), ആശ (41), അധ്യാപകനായ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ഗവ.എൽപി സ്കൂളിൽ നിന്ന് സമീപത്തെ പാങ്ങ് ജിയുപി സ്കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന(37) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തിൽ മരിച്ച അധ്യാപിക സുഹറയുടെ മകൻ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയിൽ എത്തിയ ശേഷം മരിച്ചു.

അപകടത്തിൽ മരിച്ച പാചകത്തൊഴിലാളിയായ സാജിതയുടെ മകൻ ഷഹദീൻ മുഹമ്മദ്(11), സ്കൂൾ ഡ്രൈവർ കുന്നക്കാവ് സ്വദേശി നൗഷാദ് അലി (39), ടൂറിസ്റ്റ് വാനിന്റെ ഡ്രൈവർ മുഹമ്മദ് ഫയീസ് (21) എന്നിവരാണ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അപകടത്തിൽ മരിച്ച ഷക്കീനയുടെ മകൾ മസ്നീനെ (10) പൊള്ളാച്ചി ഗവ ആശുപത്രിയിൽനിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. മാതാവ് മരിച്ച വിവരം ഷഹദീനെയും മസ്നീനെയും അറിയിച്ചിട്ടില്ല. ഷഹദീൻ മുഹമ്മദിനെ രാവിലെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡിലേക്ക് മാറ്റി. നൗഷാദ് അലി, മുഹമ്മദ് ഫയീസ് എന്നിവർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.

പരുക്കേറ്റവരെ കേരളത്തിലേക്കു മാറ്റാനുള്ള സാഹചര്യം പരിശോധിച്ചിരുന്നെങ്കിലും നിലവിലെ സ്ഥിതിയിൽ യാത്ര വേണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പുലർച്ചെ മൂന്നരയോടെ കേരളത്തിൽനിന്നുള്ള ഡോക്ടർമാരുടെ സംഘവും കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തി. വാളയാർ പൊലീസ് സംഘവും ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ട 11 വയസ്സുകാരി മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഉമ്മ ഷക്കീനയുടെ മരണ വിവരം ഇനിയും മസ്നീനെ അറിയിച്ചില്ല. തകർന്ന വാഹനത്തിനുള്ളിൽനിന്ന് മസ്‌നീനെ പിന്നാലെ വന്ന ടാക്സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടി മസ്‌നീനെ ഇന്നലെ പൊള്ളാച്ചി ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. മലപ്പുറം ഡിഎംഒയുടെ നിർദേശപ്രകാരമാണ് മസ്‌നീനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *