
Perinthalmanna Radio
Date: 23-04-2026
കൊണ്ടോട്ടി ∙ ടൗൺ വിപുലീകരണ പ്രവൃത്തിയുടെ ഭാഗമായി ഇന്നു മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭാധ്യക്ഷൻ യു.കെ.മമ്മദിശയുടെ നേതൃത്വത്തിൽ ചേർന്ന പൊലീസ്, ദേശീയപാതാ അതോറിറ്റി അധികൃതരുടെ യോഗത്തിൽ തീരുമാനമായി. മഴക്കാലത്ത് നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ടൗൺ സൗന്ദര്യ വൽക്കരണത്തിനുമായി ടി.വി.ഇബ്രാഹിം എംഎൽഎയുടെ ശ്രമഫലമായി ലഭിച്ച 7.68 കോടി രൂപയുടെ പദ്ധതിയും കൊണ്ടോട്ടി നഗരസഭ യുഐഡിഎഫ് മുഖേന വകയിരുത്തിയ 10 കോടിയുടെ പദ്ധതിയും സംയോജിപ്പിച്ചുള്ള ടൗൺ വിപുലീകരണ പ്രവൃത്തിയാണു നടക്കുന്നത്.
കൊണ്ടോട്ടി പതിനേഴു മുതൽ കുറുപ്പത്ത് വരെയാണു വിപുലീകരണം. ബൈപാസ് റോഡിൽ ജനതാ ബസാർ മുൻവശം, സുൽത്താൻ പാലസ് മുൻവശം, പതിനേഴ് എന്നിവിടങ്ങളിൽ കൾവർട്ട് നിർമിക്കുന്നുണ്ട്. മഴവെള്ളം ഡ്രെയ്നേജ് വഴി വലിയതോട്ടിലേക്ക് എത്തിക്കുന്നതിനാണു കൾവർട്ട്. പൊലീസിനെ സഹായിക്കുന്നതിനായി ട്രോമകെയർ വൊളന്റിയർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
*പ്രധാന ട്രാഫിക് നിയന്ത്രണങ്ങൾ ഇങ്ങനെ*
▪️ ബൈപാസ് റോഡിന്റെ പകുതി ഭാഗം പ്രവൃത്തി പൂർത്തിയാക്കിയ ശേഷമാണ് ബാക്കി ഭാഗത്തെ ജോലി നടത്തുക. ഒരു ഭാഗത്തിലൂടെ വാഹനങ്ങൾക്കു കടന്നുപോകാം.
▪️ മലപ്പുറം, മഞ്ചേരി ഭാഗത്ത് നിന്നു വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ കോടങ്ങാട്നിന്ന് ചിറയിൽ റോഡിലേക്ക് കയറി മേലങ്ങാടി വഴി പോകണം.
▪️ എടവണ്ണപ്പാറ വഴി വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളും റൺവേ വികസനത്തിനായി മണ്ണുമായി പോകുന്ന ലോറികളും ടൗണിൽ പ്രവേശിക്കാതെ കുളത്തൂർ ജംക്‌ഷൻ വഴി പോകണം.
▪️കൊണ്ടോട്ടി ബൈപാസ്, മെയിൻ റോഡ്, മേലങ്ങാടി –എയർപോർട്ട് റോഡ്, കുളത്തൂർ –എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ പാതയോരങ്ങളിലെ അനധികൃത പാർക്കിങ് നിരോധിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
