കൃഷിയിടത്തിൽ കർഷകൻ മരിച്ചനിലയിൽ; വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റെന്ന് സംശയം

Share to


Perinthalmanna Radio
Date: 29-04-2026

പെരിന്തൽമണ്ണ ∙ പരിയാപുരം പട്ടിക്കുന്ന് കൃഷിയിടത്തിൽ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, വാഴത്തോട്ടത്തിൽ പന്നിശല്യം തടയാൻ കെട്ടിയ വൈദ്യുതവേലിയിൽ തട്ടി ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ച അബ്‌ദുൽ അസീസ് ഏറെക്കാലമായി പാട്ടഭൂമിയിൽ കൃഷിചെയ്‌തു വരുന്നുണ്ട്. ഇത്തവണ വാഴക്കൃഷിയാണ് ചെയ്‌തിരുന്നത്. മേഖലയിൽ പന്നിശല്യം രൂക്ഷമായിരുന്നു. ഇതു തടയാൻ വൈദ്യുതവേലി പോലൊരു സംവിധാനം ഒരുക്കിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.

അബ്‌ദുൽ അസീസിന്റെ മൃതദേഹത്തിലെ ഇടതു കയ്യിൽ ടോർച്ചും സമീപം തന്നെ വെട്ടുകത്തിയും കിടപ്പുണ്ട്. ഇതേ ഭാഗത്ത് തൊട്ടടുത്തു തന്നെയാണ് ഒരു പന്നിയും ചത്തുകിടന്നത്. രാത്രിയിലാണ് സംഭവം നടന്നതെന്നാണു കരുതുന്നത്.

പന്നിയെ കണ്ട് പിറകെ കൂടിയ അബ്‌ദുൽ അസീസും പന്നിയും വേലിയിൽ നിന്ന് ഷോക്കേറ്റു വീണതാകാമെന്നാണ് കരുതുന്നത്. സമീപത്ത് വീടുകളില്ല. ഇതുവഴി പോയ നാട്ടുകാർ ദുർഗന്ധത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വൈകിട്ട് തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്‌റ്റ് ന‌ടപ‌ടികൾക്ക് ആളൊഴിഞ്ഞ മേഖലയായതിനാൽ വെളിച്ചം പ്രശ്‌നമായതോടെ ഇന്നത്തേക്കു മാറ്റി. പൊലീസിന്റെയും ട്രോമാകെയർ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്. ഇന്ന് പോസ്‌റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *