റെയിൽവേ യാത്രികർക്ക് ദുരിതമായി അങ്ങാടിപ്പുറം എഫ്.സി.ഐ റോഡ്

Share to


Perinthalmanna Radio
Date: 29-05-2026

അങ്ങാടിപ്പുറം: റെയിൽവേ വികസനത്തിൽ വലിയ മുന്നേറ്റം അവകാശപ്പെടുമ്പോഴും, യാത്രികരുടെ പ്രധാന ആശ്രയമായ അങ്ങാടിപ്പുറം എഫ്.സി.ഐ ഗോഡൗൺ റോഡ് പൂർണ്ണമായും തകർന്ന നിലയിൽ. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേന ഈ വഴിയിലൂടെ ദുരിതയാത്ര നടത്തുന്നത്. റോഡിന്റെ മോശം അവസ്ഥ കാരണം ഇപ്പോൾ ഓട്ടോറിക്ഷകൾ പോലും ഈ റൂട്ടിൽ സർവീസ് നടത്താൻ മടിക്കുകയാണ്.

അങ്ങാടിപ്പുറം ഭാഗത്തു നിന്നുള്ള റെയിൽവേ സ്റ്റേഷൻ റോഡ് നവീകരിച്ച് മനോഹരമാക്കിയപ്പോഴും ഈ റോഡിനോട് മാത്രം അധികൃതർ അവഗണന തുടരുകയാണ്. റോഡ് ഉടൻ നന്നാക്കുമെന്ന് കാലങ്ങളായി അധികാരികൾ ഉറപ്പുനൽകുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

റോഡിന്റെ ഇരുവശങ്ങളിലും എഫ്.സി.ഐ ഗോഡൗണിലേക്കുള്ള ചരക്കുലോറികൾ നിരനിരയായി പാർക്ക് ചെയ്തിരിക്കുകയാണ്. വലിയ കുഴികളും ചെളി വെള്ളവും നിറഞ്ഞ റോഡിലൂടെ ലോറികൾക്ക് ഇടയിലൂടെയുള്ള കാൽനടയാത്ര പോലും അതീവ അപകടകരമാണ്. രാത്രികാലങ്ങളിൽ ആവശ്യത്തിന് തെരുവ് വിളക്കുകൾ ഇല്ലാത്തത് ദുരിതം ഇരട്ടിയാക്കുന്നു.

ഒരു കിലോമീറ്ററിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ റോഡ് നവീകരിക്കാത്ത റെയിൽവേ വികസനം കൊണ്ട് എന്ത് പ്രയോജനമെന്നാണ് യാത്രക്കാരുടെ ചോദ്യം. എഫ്.സി.ഐ അധികൃതരും റെയിൽവേ അധികൃതരും തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളാണ് റോഡ് വികസനം വൈകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങളുടെ ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *