
Perinthalmanna Radio
Date: 30-05-2026
പെരിന്തൽമണ്ണ ∙ ഭക്തകവി പൂന്താനത്തിന്റെ കീഴാറ്റൂർ പഞ്ചായത്തിലുള്ള ജന്മഗൃഹം സാംസ്കാരിക പൈതൃക മ്യൂസിയമാക്കാൻ നടപടി തുടങ്ങി. ദേവസ്വം വകുപ്പ്, ഗുരുവായൂർ ദേവസ്വം, ജില്ലാ പഞ്ചായത്ത്, കീഴാറ്റൂർ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രാരംഭമായി ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഷാഹിന നിയാസി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൂസക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.രാധാകൃഷ്ണൻ, പൂന്താനം സ്മാരക സമിതി പ്രസിഡന്റ് മാങ്ങോട്ടിൽ ബാലകൃഷ്ണൻ, കോഴിക്കോട് നിന്നുള്ള ആർക്കിടെക്ട് സിജിത്ത് ഭാസ്കർ, കൺസൽറ്റന്റ് വെൻസൺ കണ്ണാടിക്കൽ, പ്രോജക്ട് മാനേജർ ലെസി മോഹൻ എന്നിവർ പൂന്താനം ഇല്ലവും 5 ഏക്കർ വരുന്ന ഇല്ലപ്പറമ്പും സന്ദർശിച്ചു.
1993 ഓഗസ്റ്റ് 29 ന് ആണ് പൂന്താനം ഇല്ലവും ഇല്ലപ്പറമ്പും ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തത്. പൂന്താനം ഇല്ലം, തെക്കുഭാഗത്തുള്ള പത്തായപ്പുര, പടിപ്പുര എന്നിവ അറ്റകുറ്റപ്പണി നടത്തി തനിമ നഷ്ടപ്പെടാതെ ഗുരുവായൂർ ദേവസ്വം സംരക്ഷിച്ചു വരുന്നു. പൂന്താനം ഇല്ലം സന്ദർശിക്കാൻ വിദ്യാർഥികൾ, അധ്യാപകർ, ചരിത്രഗവേഷകർ, സാഹിത്യപ്രേമികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് എത്തുന്നത്. ഭക്തകവിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ഒരു സംവിധാനവും ഇവിടെയില്ല. ഈ സാഹചര്യത്തിലാണ് ജില്ലയിലെ തുഞ്ചൻ സ്മാരകം, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം എന്നിവ പോലെ സാംസ്കാരിക കേന്ദ്രമാക്കി വിപുലീകരിക്കുന്നതിന് ജീല്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഷാഹിന നിയാസിയുടെ നേതൃത്വത്തിൽ ശ്രമം നടത്തുന്നത്.
പൂന്താനം ഇല്ലത്ത് ക്ലാസിക് കലകളുടെ പരിശീലനം തുടങ്ങും. പൂന്താനം രചിച്ചതും പൂന്താനത്തെപ്പറ്റി മറ്റുള്ളവർ രചിച്ചതുമായ പുതകങ്ങളടങ്ങിയ റഫറൻസ് ലൈബ്രറി സ്ഥാപിക്കും. പൂന്താനത്തിന്റെ ജ്ഞാനപ്പാന ഉൾപ്പെടെയുള്ള കവിതകളുടെ ആസ്വാദനത്തിന് അവസരമൊരുക്കും. പൂന്താനം എഴുതാൻ ഉപയോഗിച്ച എഴുത്താണി, പൂന്താനത്തിന്റെ താളിയോല ഗ്രന്ഥങ്ങൾ, പൂന്താനത്തെപ്പറ്റിയുള്ള സ്മരണകൾ ഉണർത്തുന്ന ചിത്രങ്ങൾ, ദൃശ്യരൂപങ്ങൾ എന്നിവ അടങ്ങുന്ന ചരിത്രമ്യൂസിയം സ്ഥാപിക്കുക എന്നിവയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
5 ഏക്കർ വരുന്ന ഇല്ലപ്പറമ്പ് കേരളീയ വൃക്ഷങ്ങൾ നട്ടുവളർത്തി പ്രകൃതിസൗഹൃദമാക്കുക, സന്ദർശകർക്കും എഴുത്തുകാർക്കും പാർക്കാൻ കൊച്ചു വസതികൾ നിർമിക്കുക, പൊതു രിപാടികൾക്കായി ഇൻഡോർ സ്റ്റേഡിയം, ഔട്ട്ഡോർ സ്റ്റേഡിയം എന്നിവ നിർമിക്കുക, യോഗാ പരിശീലന കേന്ദ്രം, ധ്യാനകേന്ദ്രം തുടങ്ങിയവ സ്ഥാപിക്കുക തുടങ്ങിയവയാണ് മറ്റു പദ്ധതികൾ. സാഹിത്യപ്രേമികളെയും ഭാഷാ ഗവേഷകരെയും ആകർഷിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
വിപുലമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയ ശേഷം ഉന്നതതല ചർച്ചകൾ നടത്തി പദ്ധതി നിർവഹണത്തിന് തുടക്കം കുറിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യും
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
