നാല് ദിവസത്തിനകം കാലവർഷം കേരളത്തിൽ, ശക്തമായ മഴയ്ക്ക് സാധ്യത

Share to


Perinthalmanna Radio
Date: 31-05-2026

പെരിന്തൽമണ്ണ: കാലവർഷം നാലു ദിവസത്തിനകം കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. എൽനിനോ പ്രതിഭാസം കാരണം ഇത്തവണ കാലവർഷം ശരാശരിയിൽ താഴെയായിരിക്കും എന്നായിരുന്നു ആദ്യ സൂചനകളെങ്കിലും തുടക്കത്തിൽ മഴ ശക്തമാകുമെന്നാണ് വിലയിരുത്തൽ.  ഞായറാഴ്ച മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക്  കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ മൂന്നിന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും ജൂൺ നാലിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 31-ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ജൂൺ ഒന്നിന് പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ഒൻപത് ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. ജൂൺ രണ്ടിന് ഇടുക്കി, പാലക്കാട് ഉൾപ്പെടെ പത്ത് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്. ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്ന് ഉറപ്പാക്കേണ്ടതും പകൽ സമയത്ത് ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതുമാണ്.

നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്തവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങുന്നത് ഒഴിവാക്കണം. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കയറി സെൽഫി എടുക്കുന്നതും കാഴ്ച കാണുന്നതും ഒഴിവാക്കണം. മലയോര മേഖലകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കുമുള്ള വിനോദസഞ്ചാര യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്ന ഇടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ഓരോ കുടുംബവും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. സഹായങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരാമെന്നും അതോറിറ്റിയുടെ ഔദ്യോഗിക പേജുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *