ശുചീകരണത്തിനിടെ സ്ലാബ് തകർന്ന് പൊതുവഴി അടഞ്ഞു

Share to


Perinthalmanna Radio
Date: 03-06-2026

പെരിന്തൽമണ്ണ: ശുചീകരണത്തിനിടെ സ്ലാബ് തകർന്ന് പൊതുവഴി അടഞ്ഞിട്ട് 12 ദിവസം പിന്നിടുന്നു. പെരിന്തൽമണ്ണ തറയിൽ ബസ് സ്റ്റാൻഡിൽ നിന്ന് ഊട്ടി റോഡിൽ മൗലാന ആശുപത്രിക്ക് സമീപം അവസാനിക്കുന്ന വഴിയാണ് അടഞ്ഞു കിടക്കുന്നത്.

നഗരത്തിലെ അഴുക്കു ചാലിന് മുകളിലൂടെ സ്ലാബിട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് നഗരസഭ എളുപ്പ വഴിയായി മാറ്റിയ ഇടനാഴിയാണ് ഇപ്പോൾ അടഞ്ഞത്. രണ്ടാഴ്ച മുമ്പുണ്ടായ വേനൽ മഴയിൽ അഴുക്കുചാൽ നിറഞ്ഞു കവിഞ്ഞ് സമീപത്തെ വീടുകളിലും തറയിൽ ബസ് സ്റ്റാൻഡിന് സമീപമുള്ള മാജിദൈൻ മസ്‌ജിദിലും മലിന ജലം കയറിയിരുന്നു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ 22ന് തറയിൽ ബസ് സ്റ്റാൻഡിന് സമീപം മസ്ജിദിനോട് ചേർന്ന ഭാഗത്തെ ഏതാനും സ്ലാബുകൾ മാറ്റി മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. പ്രവൃത്തിക്കിടെ നാല് സ്ലാബുകൾ തകർന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. 12 ദിവസമായി ഈ വഴിയുടെ ഉപയോഗം പൂർണമായും തടസപ്പെട്ട് കിടക്കുകയാണ്.

മാനത്തുമംഗലം ബൈപാസിൽ നിന്ന് നഗരത്തിൽ എത്താനുള്ള എളുപ്പ മാർഗമാണിത്. നൂറു കണക്കിന് പൊതു ജനങ്ങളാണ് ഈ വഴി ഉപയോഗിച്ചിരുന്നത്. വലിയങ്ങാടി, ആലിക്കൽ ഉന്നതി എന്നിവിടങ്ങളിലെ അനേകം കുടുംബങ്ങളുടെ ഏക ആശ്രയമാണിത്. ജില്ലാ ആശുപത്രി പരിസരം മുതലുള്ള നഗരത്തിലെ മാലിന്യങ്ങൾ ഒഴുകുന്ന അഴുക്കു ചാലാണിത്. ആറു വർഷം മുമ്പ് നഗരസഭ ഈ ചാലിലെ സ്ലാബുകൾ എടുത്തു മാറ്റി ശുചീകരിച്ചിരുന്നു. അതിന് ശേഷം മാലിന്യങ്ങൾ നിറഞ്ഞ് ചാലിന്റെ പകുതിയിലേറെ ആഴം കുറഞ്ഞതിനാൽ ഒഴുക്ക് നിലച്ചതാണ് വേനൽ മഴയിൽ മലിനജലം കയറാൻ കാരണം.

വഴിയടഞ്ഞതിനാൽ മസ്‌ജിദുൽ മാജിദൈൻ പള്ളിപ്പറമ്പിലൂടെ നടക്കാൻ താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ രാത്രി കാലങ്ങ ളിൽ പള്ളിയിലേക്കുള്ള വഴി അടക്കാൻ ആവാത്തതിനാൽ തെരുവു നായ്ക്കളും നാൽക്കാലികളും പള്ളി വളപ്പിൽ കയറുന്നത് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നു. അഴുക്കു ചാലിൽ നഗരത്തിലെ മാലിന്യങ്ങളെല്ലാം ഒഴുകി വന്ന് കെട്ടിക്കിടക്കുന്ന അവസ്ഥയായതിനാൽ സാംക്രമിക രോഗ ഭീതിയിലാണ് പരിസരവാസികൾ. സ്ലാബുകളില്ലാതെ തുറന്ന് കിടക്കുന്ന ഭാഗത്ത് പുഴുക്കളും കൊതുകുകളും നിറഞ്ഞ സ്ഥിതിയാണ്. പരിസരത്തെ വിടുകളുടെ ചുമരുകൾ പോലും കൊതുകുകൾ താവളമാക്കിയിരിക്കുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *