അർജന്റീനയും ജർമ്മനിയും നേർക്കുനേർ; ഫുട്ബോൾ ആവേശത്തിൽ സഹോദരന്മാർ

Share to


Perinthalmanna Radio
Date: 12-06-2026

പെരിന്തൽമണ്ണ: ഫുട്ബോൾ ലോകകപ്പ് ആവേശം കൊടുമുടി കയറുമ്പോൾ മലബാറിലെ ഫുട്ബോൾ പ്രേമികൾ പതിവു പോലെ തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്കായി കട്ട സപ്പോർട്ടുമായി രംഗത്ത് ഇറങ്ങി കഴിഞ്ഞു. എന്നാൽ പെരിന്തൽമണ്ണ ജൂബിലി – തേക്കിൻക്കോട് റോഡിലെ രണ്ട് സഹോദരന്മാരുടെ വീടുകൾക്ക് മുന്നിലെ ഫുട്ബോൾ വൈരാഗ്യവും ആവേശവുമാണ് ഇപ്പോൾ നാട്ടിലെ പ്രധാന ചർച്ചാവിഷയം.

ഇവിടെ റോഡിന്റെ ഒരു വശത്തുള്ള തോട്ടോളി മൊയ്തീന്റെ ഇരുനില വീടിന്റെ മുകളിൽ നിന്നും താഴേക്ക് ജർമ്മനിയുടെ കൂറ്റൻ കറുപ്പ്, ചുവപ്പ്, മഞ്ഞ പതാകയാണ് തൂക്കിയിട്ടിരിക്കുന്നത്. എന്നാൽ ഇതിന് തൊട്ട് എതിർ വശത്തുള്ള സഹോദരൻ തോട്ടോളി അഷ്‌റഫിന്റെ വീടിന് മുൻപിൽ അർജന്റീനയുടെ നീലയും വെള്ളയും കലർന്ന പതാകയും ഉയർത്തിയിട്ടുണ്ട്. വഴിയുടെ ഇരു വശത്തുമായി നേർക്കുനേർ നിൽക്കുന്ന ഈ രണ്ട് ‘ഫുട്ബോൾ വീടുകളും’ ഇപ്പോൾ ജൂബിലി – തേക്കിൻക്കോട് റോഡിലൂടെ പോകുന്ന യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രധാന ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്.

“ബ്രസീലിനും അർജന്റീനയ്ക്കും വലിയ തോതിൽ ആരാധകരുള്ള നാട്ടിൽ, ജർമ്മൻ പടയുടെ കരുത്തിൽ വിശ്വസിക്കുന്നവരും കുറവല്ല. ഫുട്ബോൾ സീസൺ തുടങ്ങിയതോടെ നാടാകെ ഫ്ലെക്സ് ബോർഡുകളും പതാകകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നാൽ, രണ്ട് വീടുകളിലായി നേർക്കുനേർ തങ്ങളുടെ പ്രിയ ടീമുകളുടെ പതാകകൾ സ്ഥാപിച്ച് തോട്ടോളി സഹോദരന്മാർ നടത്തുന്ന ഈ വേറിട്ട ‘ഫുട്ബോൾ യുദ്ധത്തിനെ’ നാട്ടുകാർ കൗതുകത്തോടെയാണ് നോക്കി കാണുന്നത്. വരും ദിവസങ്ങളിൽ കളി മുറുകുന്നതോടെ ഈ ആവേശപ്പോരാട്ടം ഇനിയും ഇരട്ടിക്കുമെന്നതിൽ സംശയമില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *