
Perinthalmanna Radio
Date: 01-05-2026
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷം പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന സന്ദേശങ്ങൾ വ്യാജമെന്ന് ആവർത്തിച്ചുകൊണ്ടിരുന്ന കേന്ദ്ര സർക്കാർ ചുവടുമാറ്റുന്നു. വൈകാതെ വില കൂട്ടിയേക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലെ സൂചന. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നു മിക്ക രാജ്യങ്ങളും വില കൂട്ടിയതായും വർധന ഒഴിവാക്കാനാകാത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
യുഎസ്–ഇറാൻ സംഘർഷം രൂക്ഷമാകുമെന്ന ആശങ്കകളെത്തുടർന്ന് 2 ദിവസമായി ക്രൂഡോയിൽ വില കുതിക്കുകയാണ്. ഇന്ത്യ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 126 ഡോളർ വരെ ഉയർന്നു. 4 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. വില പിന്നീട് 113–114 ഡോളറിലേക്കു താഴ്ന്നു. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങുംമുൻപ് ഡിസംബർ, ജനുവരി മാസങ്ങളിൽ 60 ഡോളറിനടുത്തായിരുന്നു വില.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ റഷ്യ ഉൾപ്പെടെ മറ്റു നാൽപതോളം രാജ്യങ്ങളെയാണ് ഇന്ത്യ ഇപ്പോൾ ആശ്രയിക്കുന്നത്. ഒപെക് കൂട്ടായ്മയിൽനിന്നു പുറത്തുവന്ന യുഎഇ കൂടുതൽ ക്രൂഡോയിൽ തരാൻ സന്നദ്ധമാണെങ്കിലും ഇതിനു സമയമെടുക്കും. റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് അനുവദിച്ച ഇളവ് മേയ് 16 വരെ നീട്ടിയിട്ടുണ്ട്.
ഇന്ധനവില കൂട്ടിയാൽ സ്വാഭാവികമായും ചരക്കു കൂലി കൂടും. ഇതോടെ അവശ്യസാധനങ്ങൾക്ക് ഉൾപ്പെടെ വില ഉയരും. ഇതു രാജ്യത്തിന്റെ സാമ്പത്തികവളർച്ചയെയും ബാധിക്കും. ക്രൂഡ് അനുബന്ധ വ്യവസായങ്ങളെയും വിലവർധന ബാധിച്ചിട്ടുണ്ട്.
രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില ഇന്ന് കുത്തനെ കൂട്ടി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
