പെരിന്തൽമണ്ണ –  വളാഞ്ചേരി റൂട്ടിൽ KSRTC ബസുകളില്ല; സൗജന്യയാത്ര ലഭിക്കില്ലെന്ന ആശങ്കയിൽ സ്ത്രീകൾ

Share to


Perinthalmanna Radio
Date: 20-05-2026

പെരിന്തൽമണ്ണ: കെഎസ്ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്രയ്‌ക്ക് വഴിയൊരുങ്ങുമ്പോൾ, ദേശസാൽകൃത റൂട്ടായിട്ടും പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ ഈ ആനുകൂല്യം ലഭിക്കില്ല. 14 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ നിലവിൽ ഒരു ബസും ഓടുന്നില്ലെന്നതാണ് കാരണം. സ്വകാര്യ ബസുകൾ മാത്രമാണ് റൂട്ടിൽ സർവീസ് നടത്തുന്നത്. ദേശസാൽകൃത റൂട്ടായതിനാൽ സ്വകാര്യ ബസുകൾക്കും പുതിയ പെർമിറ്റ് നൽകുന്നില്ല. ചില സമയങ്ങളിൽ ബസുകൾക്കായി ഏറെനേരം പല സ്‌റ്റോപ്പുകളിലും യാത്രക്കാർ കാത്തു നിൽക്കേണ്ടി വരുന്നു. സ്വകാര്യ ബസുകൾ പലപ്പോഴും പാതി വഴിയിൽ യാത്ര അവസാനിപ്പിക്കുകയോ കൊളത്തൂർ ബസ് സ്‌റ്റാൻഡ‍ിലേക്ക് പോകാതെ പൊലീസ് സ്‌റ്റേഷൻ ജംക്‌ഷനിൽ നിന്ന് തിരിഞ്ഞു പോവുകയോ ചെയ്യുന്ന സാഹചര്യവുമുണ്ട്. വളാഞ്ചേരിയിൽ നിന്ന് വരുന്ന ബസുകളാകട്ടെ അങ്ങാടിപ്പുറത്തെ കുരുക്ക് മൂലമുള്ള സമയനഷ്‌ടം ഒഴിവാക്കാനായി പരിയാപുരം റോഡിലൂടെ വളഞ്ഞു പോകുന്ന സാഹചര്യമുണ്ട്.

ഇതുമൂലം പുത്തനങ്ങാടി പള്ളിപ്പടി, വൈലോങ്ങര എന്നീ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് പുത്തനങ്ങാടി കോളജ് പരിസരത്തോ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പരിസരത്തോ ഇറങ്ങി വേറെ വാഹനം തേടണം. ഈ റൂട്ടിൽ രാവിലെയും വൈകിട്ടും ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുത്തനങ്ങാടി സെന്റ് മേരീസ് കോളജ്, എംഇഎസ് ആർട്‌സ് കോളജ്, മജ്‌ലിസ് കോളജ്, മങ്കട ഗവ. കോളജ് തുടങ്ങിയ കലാലയങ്ങളും എംഇഎസ് മെഡിക്കൽ കോളജും നഴ്‌സിങ് കോളജും ഒട്ടേറെ സ്‌കൂളുകളും ഈ റൂട്ടിലുണ്ട്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇവിടെ ബസുകളെ മാത്രം ആശ്രയിക്കുന്നവരായിട്ടുള്ളത്. പലപ്പോഴും സന്ധ്യ മയങ്ങിയാലും യാത്രയ്‌ക്ക് വഴി തേടി ബസ് സ്‌റ്റോപ്പുകളിൽ കാത്തുനിൽക്കുന്ന വിദ്യാർഥികളുണ്ട്.

പെരിന്തൽമണ്ണയിൽനിന്നും പൊന്നാനിയിൽ നിന്നുമായി 14 കെഎസ്‌ആർടിസി ബസുകൾ മുൻപ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നു. എന്നാൽ ലാഭനഷ്‌ടങ്ങളുടെ കണക്ക് നിരത്തി ഒന്നൊന്നായി നിർത്തലാക്കുകയായിരുന്നു.

നിലവിൽ രാത്രി 8.15 കഴിഞ്ഞാൽ ഈ റൂട്ടിൽ ബസ് സർവീസുകളില്ല. ടാക്‌സി വാഹനങ്ങളോ ഓട്ടോറിക്ഷകളോ ആണ് ആശ്രയം. അങ്ങാടിപ്പുറത്തു നിന്നും കൊളത്തൂർ, വളാഞ്ചേരി ഭാഗങ്ങളിൽ നിന്നുമെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിലെത്താൻ ദിവസവും രാത്രിയിൽ ഒട്ടേറെപ്പേരാണ് യാത്രാ ദുരിതം അനുഭവിക്കുന്നത്. പാതയിലെ കെഎസ്ആർടിസി ബസുകൾ പുനരാരംഭിക്കുന്നതിന് പുതിയ സർക്കാരിൽനിന്ന് നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *