
Perinthalmanna Radio
Date: 02-06-2026
നിലമ്പൂർ: ദക്ഷിണ റെയിൽവേ അഡീഷനൽ ജനറൽ മാനേജർ വിപിൻ കുമാർ നിലമ്പൂർ സ്റ്റേഷൻ സന്ദർശിച്ചു. നിലമ്പൂർ പാതയുടെ വികസനാവശ്യങ്ങളിൽ പി.വി.അബ്ദുൽ വഹാബ് എംപി, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, നിലമ്പൂർ മൈസൂരു റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുമെന്ന് ജനറൽ മാനേജർ വിപിൻ കുമാർ അറിയിച്ചു. തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം അദ്ദേഹം തത്വത്തിൽ അംഗീകരിച്ചു.
വന്ദേഭാരത് ട്രെയിനുകൾക്ക് ഷൊർണൂരിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്ക് കണക്ഷൻ ഉറപ്പാക്കും.
നിലമ്പൂർ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനാണ് എജിഎം വിപിൻ കുമാർ എത്തിയത്. പാലക്കാട് ഡിആർഎം മധുകർ റൗട്ട് ഒപ്പമുണ്ടായിരുന്നു. അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളുടെ വികസനം ടെൻഡർ ചെയ്യാൻ അനുമതി നൽകിയതായി ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി. നിലമ്പൂർ സ്റ്റേഷനിൽ ടെൻഡർ നടപടി പുരോഗമിക്കുന്നതായും അറിയിച്ചു.
22 കോച്ച് നിർത്താൻ പ്ലാറ്റ്ഫോമുകൾക്ക് നീളം ഇല്ലാത്തതാണ് വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള തടസ്സം. നിലമ്പൂരിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഗുഡ്സ് യാർഡ് വരെ 26 കോച്ചുകൾ നിർത്താൻ കഴിയും. എന്നാൽ 12 കോച്ചുകൾക്കേ ഉയരമുള്ള പ്ലാറ്റ്ഫോം ഉള്ളൂ.
കുലുക്കല്ലൂർ, വാണിയമ്പലം എന്നിവിടങ്ങളിൽ ക്രോസിങ് സ്റ്റേഷനുകൾ അടുത്ത മാസം കമ്മിഷൻ ചെയ്യുന്നതോടെ രണ്ടിടങ്ങളിൽക്കൂടി 26 കോച്ച് നീളത്തിൽ പ്ലാറ്റ്ഫോമുകളാകും. ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വേണാട് നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് എജിഎം ഉറപ്പ് നൽകി. ഷൊർണൂരിൽ രാവിലെ 10.02ന് എത്തുന്ന തിരുവനന്തപുരം –കാസർകോട്, രാത്രി 8.35 ന് എത്തുന്ന തിരുവനന്തപുരം –മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നിലമ്പൂരിലേക്ക് കണക്ഷൻ ഉറപ്പാക്കാൻ പാസഞ്ചർ, മെമു ട്രെയിനുകളുടെ പുറപ്പെടൽ സമയത്തിൽ നേരിയ മാറ്റം വേണമെന്ന ആവശ്യം അംഗീകരിച്ചു.
എറണാകുളം –ഷൊർണൂർ, ഷൊർണൂർ –നിലമ്പൂർ മെമു , കൂടാതെ കോവൈ– ഷൊർണൂർ, ഷൊർണൂർ– നിലമ്പൂർ പാസഞ്ചർ എന്നിങ്ങനെ 2 പേരുകളിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ യഥാക്രമം എറണാകുളം –നിലമ്പൂർ, കോവൈ– നിലമ്പൂർ എന്ന ഒറ്റപ്പേരിൽ സർവീസ് ക്രമീകരിക്കണമെന്ന ആവശ്യത്തോട് എജിഎം യോജിച്ചു.
നിലമ്പൂർ പാതയിൽ എല്ലാ പാസഞ്ചറുകളും മെമു സർവീസുകളാക്കണമെന്ന് ആവശ്യപ്പെട്ടു. പാലക്കാട് ഡിവിഷനിൽ 5 മെമു സർവീസുകൾ അനുവദിക്കാൻ ശുപാർശ റെയിൽവേ മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് എജിഎം പറഞ്ഞു. നിലമ്പൂർ പാതയ്ക്ക് ലഭിക്കാൻ ജനപ്രതിനിധികൾ സമ്മർദം ചെലുത്താൻ അദ്ദേഹം നിർദേശിച്ചു. നിലമ്പൂർ തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് എൽഎച്ച്ബി റേക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഓരോ കോച്ചിലും 8 ബർത്തുകൾ അധികം ലഭിക്കും. ലഭ്യമാകുന്ന മുറയ്ക്ക് അനുവദിക്കാമെന്ന് മറുപടി കിട്ടി.
ചെന്നൈ പാലക്കാട് എക്സ്പ്രസ് ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടുക, നിലമ്പൂർ സ്റ്റേഷനിൽ കൂടുതൽ ലൈനുകൾ അനുവദിക്കുക, ഷൊർണൂർ നിലമ്പൂർ പാത ഇരട്ടിപ്പിക്കുക, പാഴ്സൽ സർവീസ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനങ്ങൾ നൽകി.
ഡൽഹി ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി ഓഫിസർ നിലമ്പൂർ സ്വദേശി ഡോ. സക്കീർ ഹുസൈൻ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഡോ. ബിജു നൈനാൻ, ജോഷ്വാ കോശി, യു.നരേന്ദ്രൻ , അനസ് യൂണിയൻ ,ഡിവിഷനൽ സീനിയർ എൻജിനീയർ കോ ഓർഡിനേഷൻ മുഹമ്മദ് അസ്ലം, ഓപ്പറേറ്റിങ് മാനേജർ ബാലമുരളി, എക്സിക്യുട്ടീവ് എൻജിനീയർ സർജാസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
