
Perinthalmanna Radio
Date: 15-04-2026
തെക്കുപടിഞ്ഞാറൻ കാലവർഷത്തിനിടെ (ഇടവപ്പാതി) കടന്നുവരുന്ന കടുത്ത എൽനിനോ പ്രതിഭാസം കാരണം കേരളത്തിലും രാജ്യത്തും മഴ കുറഞ്ഞേക്കുമെന്ന് ആശങ്ക. എന്നാൽ, ഇന്ത്യൻ ഓഷ്യൻ ഡൈപ്പോളേ (ഐഒഡി) പോസിറ്റീവ് പ്രതിഭാസവും യുറേഷ്യയിലെ മഞ്ഞുവീഴ്ച കുറയുന്നതും എൽനിനോ ഉണ്ടാക്കുന്ന മഴനഷ്ടങ്ങളെ മറികടക്കാൻ സഹായിക്കുമോയെന്നു കാത്തിരിക്കുകയാണു കാലാവസ്ഥാ ശാസ്ത്രജ്ഞർ. ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന കാലവർഷത്തിനിടെ ജൂണിലോ ജൂലൈയിലോ എൽനിനോ രൂപപ്പെടാനിടയുണ്ടെന്നതാണു കാലാവസ്ഥാ വകുപ്പിന്റെയും വിവിധ ഏജൻസികളുടെയും വിലയിരുത്തൽ. പസിഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്ന ഈ പ്രതിഭാസമാണ് കേരളത്തിൽ ചൂടു കൂടാനും കാലവർഷം കുറയാനും കാരണമാകുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇടവിട്ട് മഴ ലഭിക്കുന്ന തരത്തിലുള്ള കാലവർഷമാണു കേരളത്തിനു പൊതുവേ ഗുണകരം. കഴിഞ്ഞവർഷം ഇക്കാലയളവിൽ ഏറക്കുറെ ഇടവിട്ടാണ് കേരളത്തിനു മഴ ലഭിച്ചത് എന്നതിനാൽ ജലസംഭരണികളിൽ ആവശ്യത്തിനു വെള്ളം ലഭിച്ചിരുന്നു. കാർഷികമേഖലയ്ക്കു നേട്ടവുമായിരുന്നു. എന്നാൽ, ഇത്തവണ ജൂലൈയോടെ എൽനിനോ എത്തുകയും തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ മഴ കുറയുകയും ചെയ്താൽ ദോഷകരമാണ്. ഇപ്പോൾ തന്നെ വേനൽ മഴയിൽ 22% കുറവുണ്ട്. ബംഗാൾ ഉൾക്കടലിനെ അപേക്ഷിച്ച് അറബിക്കടലിൽ ചൂടു കൂടാനിടയാക്കുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപ്പോളേ പോസിറ്റീവായി ഇത്തവണ സംഭവിച്ചേക്കുമെന്നും ഇതു കേരളത്തിൽ മഴ കിട്ടാൻ ഇടയാക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ പറഞ്ഞു. വസന്തകാലത്ത് മഞ്ഞുപാളികൾ കുറവാണെങ്കിൽ അതു കേരളത്തിൽ മഴ കൂടാൻ ഇടയാക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
