നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വരും

Share to


Perinthalmanna Radio
Date: 29-04-2026

നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു പുറത്തുവരും. ഇതോടെ മുന്നണികളുടെ ഉത്കണ്ഠ പാരമ്യത്തിലെത്തും; വരുംദിവസത്തെ രാഷ്ട്രീയചർച്ചകളും അതിൽ കേന്ദ്രീകരിച്ചാകും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നത് ഏപ്രിൽ 29ന് ആയിരുന്നു. ദേശീയ ചാനലുകളുടെയും ഏജൻസികളുടെയും എക്സിറ്റ് പോളുകളിൽ ഏറിയ പങ്കും പ്രവചിച്ചത് എൽഡിഎഫ് തുടർഭരണമാണ്; ഫലം വന്നപ്പോൾ അതു യാഥാർഥ്യമാകുകയും ചെയ്തു. സർവേഫലങ്ങളെക്കാൾ എക്സിറ്റ് പോളുകൾക്കു വിശ്വാസ്യത കൂടുതലാണ് എന്നതിനാൽ ഇന്നു പുറത്തുവരുന്ന ഫലങ്ങളിൽ രാഷ്ട്രീയപാർട്ടികൾക്കും ഉദ്വേഗമേറെ.

2021ലെ 11 എക്സിറ്റ് പോൾ ഫലങ്ങളിൽ ആറും എൽഡിഎഫിന് അനുകൂലമായിരുന്നു. 84–92, 104–120, 93–111, 72–79, 72–80, 71–77 എന്നിങ്ങനെയായിരുന്നു ആ പ്രവചനങ്ങൾ. വോട്ടെണ്ണിയപ്പോൾ 99 സീറ്റുമായി എൽഡിഎഫ് അധികാരം നിലനിർത്തി. 11ൽ ഒരു എക്സിറ്റ് പോളിൽ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. ബാക്കി നാലും പ്രവചിച്ചത് ഒപ്പത്തിനൊപ്പമുള്ള മത്സരവും അതിൽ നേരിയ വിജയവുമായിരുന്നു. എൻഡിഎയെ സംബന്ധിച്ച കണക്കുകൂട്ടലുകൾ പക്ഷേ, മിക്കതിലും പിഴച്ചു. നാല് എക്സിറ്റ് പോളുകൾ 0–2 സാധ്യത പ്രവചിച്ചത് ഒഴിച്ചാൽ എൻഡിഎക്ക് ഉറപ്പായും സീറ്റ് ലഭിക്കുമെന്ന സാധ്യതയാണ് മറ്റെല്ലാ എക്സിറ്റ് പോളുകളിലും ഉണ്ടായിരുന്നത്. ഒരു എക്സിറ്റ് പോൾ എൻഡിഎക്ക് 2 മുതൽ 7 വരെ സീറ്റ് പ്രവചിച്ചു. വോട്ടെണ്ണിയപ്പോൾ പക്ഷേ, 2016ൽ തുറന്ന അക്കൗണ്ട് ബിജെപിക്ക് പൂട്ടേണ്ടിവന്നു.

ഇത്തവണ വോട്ടെടുപ്പിനു മുൻപു പുറത്തുവന്ന സർവേഫലങ്ങൾ സമ്മിശ്രമായിരുന്നു; എൽഡിഎഫിനും യുഡിഎഫിനും സാധ്യത കൽപിക്കപ്പെട്ടു. ചിലതിൽ ഒപ്പത്തിനൊപ്പമുള്ള മത്സരവും പ്രവചിക്കപ്പെട്ടു. സർവേകൾ ആർക്കും വ്യക്തമായ സാധ്യത നൽകാത്ത ഈ സാഹചര്യവും എക്സിറ്റ് പോളുകളെ സംബന്ധിച്ച ആകാംക്ഷ വർധിപ്പിക്കുന്നു.

കേവലഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളോടെ കടന്നുകൂടുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് എൽഡിഎഫ്. ഭേദപ്പെട്ട വിജയം തൊട്ടടുത്തെത്തിയെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഏതാനും സീറ്റുകളിൽ ജയിച്ചുവരാൻ കഴിയുമെന്ന് ബിജെപിയും വിശ്വസിക്കുന്നു. മൂന്നു കൂട്ടരും പങ്കുവയ്ക്കുന്ന കണക്കുകളെ എക്സിറ്റ് പോളുകൾ സാധൂകരിക്കുമോ നിരാകരിക്കുമോ എന്ന് ഇന്നറിയാം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *